naseer-vadanappally

ദുബായിലെ കോവിഡ് ബാധിതർക്കിടയിൽ പ്രവർത്തിക്കുന്നതിനിടെ രോഗബാധിതനായ മലയാളി സാമൂഹ്യപ്രവർത്തകൻ നസീർ വാടാനപ്പള്ളി സുഖം പ്രാപിച്ചു. പതിമൂന്നു ദിവസം നീണ്ട ചികിൽസയ്ക്കൊടുവിലാണ് ആശുപത്രി വിടുന്നത്. കോവിഡ് മാനസികമായി തളർത്തുന്നവർക്ക് ആശ്വാസത്തിൻറെ ഉദാഹരണം കൂടിയാണ് സാമൂഹ്യപ്രവർത്തകൻറെ രോഗമുക്തി.

 

മലയാളികൾക്കിടയിൽ കോവിഡ് ആശങ്കയുണ്ടാക്കിയ നായിഫ് മേഖലയിൽ ആദ്യ ഇടപെടൽ നടത്തിയ സാമൂഹ്യപ്രവർത്തകനാണ് നസീർ വാടാനപ്പള്ളി. ദുബായ് ഹെൽത്ത് അതോറിറ്റിയുടേയും പൊലീസിൻറേയും സഹകരണത്തോടെ നായിഫിൽ ആരോഗ്യ പരിശോധന സജീവമായതോടെ ആശങ്കയകന്നു. എന്നാൽ അതിനിടെ കോവിഡ് ബാധിതനായ  നസീറിനെ ദുബായ് വിപിഎസ് മെഡിയോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ രണ്ടാമത്തെ പരിശോധനയിലും ഫലം നെഗറ്റീവായതോടെ ആശുപത്രിയിൽ നിന്നും പുറത്തേക്ക്. കയ്യടികളോടെ ആരോഗ്യപ്രവത്തകരും ജീവനക്കാരും.

 

ആരോഗ്യപ്രവർത്തകരുടെ ത്യാഗത്തിന്റെ നേർക്കാഴ്ചയ്ക്ക്  ആശുപത്രി ജീവിതം അവസരം ഒരുക്കിയെന്നു നസീർ. മുൻകരുതലുകളോടെ ദുരിതകാലത്തു വീണ്ടും കർമനിരതനാകാനൊരുങ്ങുകയാണ് ഈ സാമൂഹ്യപ്രവർത്തകൻ.  കൂടെടെയുള്ളവരോടുള്ള പരഗണനയുടേയും അതിജീവനം സാധ്യമാണെന്നതിൻറേയും ഉദാഹരണം കൂടിയാണ് നസീറിൻറെ ഇടപെടലുകളും രോഗമുക്തിയും.