ticket

യുഎഇയിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവർ ഇനി എംബസിയുടേയോ എയർ ഇന്ത്യയുടേയോ വിളി കാത്തിരിക്കേണ്ട. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് വഴിയോ, അറേബ്യൻ ട്രാവൽ ഏജൻസിയുടെ ഓഫീസുകളിൽ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. 

ജൂലൈ മൂന്ന് മുതൽ 14 വരെയുള്ള വന്ദേഭാരത് ദൌത്യത്തിൻറെ നാലാം ഘട്ടത്തിൽ അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിലേക്കാണ് യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുമതി. ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും യാത്രാനുമതിയെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. www.airindiaexpress.in എന്ന വെബ്സൈറ്റിലൂടെയോ, അബുദാബി, അൽഐൻ, ദുബായ്, ഷാർജ, റാസൽഖൈമ, അജ്മാൻ എന്നിവിടങ്ങളിലെ അറേബ്യൻ ട്രാവൽ ഏജൻസിയുടെ ഓഫീസുകളിൽ നേരിട്ടെത്തിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. യുഎഇയിലെ അംഗീകൃത എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് ഏജൻറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം.

ആദ്യമാദ്യം വരുന്നവർക്കായിരിക്കും ടിക്കറ്റ് ലഭിക്കുകയെന്നും എംബസി അറിയിക്കുന്നു. അബുദാബിയിൽ നിന്ന് ഒൻപതും ദുബായിൽ നിന്ന് ഇരുപത്തിനാലും ഉൾപ്പെടെ 33 സർവീസുകളാണ് നാലാം ഘട്ടത്തിൽ യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ളത്. ഏറ്റവും അർഹരായവർ നാട്ടിലേക്കെത്തുകയും യുഎഇയിൽ കോവിഡ് വ്യാപനം വലിയ രീതിയിൽ കുറഞ്ഞതും മടങ്ങിപ്പോകാനാഗ്രഹിക്കുന്നവരുടെ വലിയ തിരക്കു കുറച്ചിട്ടുണ്ട്. അതേസമയം, ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രവാസിമലയാളികളുടെ മടക്കയാത്ര ഇനിയും തുടരുമെന്നാണ് സൂചന.