shukoor-brother

ദുബായ്: കാഞ്ഞങ്ങാട് ഹൊസ് ദുർഗ് ബാറിലെ അഭിഭാഷകനും സിനിമാ നടനുമായ സി.ഷുക്കൂർ എന്ന ഷുക്കൂർ വക്കീല്‍ സ്വന്തം ഭാര്യയെ 28 വർഷങ്ങൾക്ക് ശേഷം വീണ്ടും വിവാഹം കഴിച്ച് വിവാദത്തിന് വഴിമരുന്നിടുമ്പോൾ അദ്ദേഹം തന്റെ ചുറ്റുപാടിനെക്കുറിച്ച് ഒാർക്കണമായിരുന്നുവെന്ന് ദുബായിലുള്ള സഹോദരൻ സി.മുനീർ.

 

ഞങ്ങൾക്ക് സ്വത്തുകിട്ടിയാലും ഇല്ലെങ്കിലും സഹോദരങ്ങളുടെ മക്കളെ സ്വന്തം മക്കളെപ്പോലെ തന്നെ സംരക്ഷിക്കുമെന്നതിൽ സംശയമില്ലെന്നും വർഷങ്ങളായി ദുബായിൽ അൽ വഫാ ഗ്രൂപ്പ് എന്ന പേരിൽ െഎടി ബിസിനസ് മേഖലയിൽ പ്രവര്‍ത്തിക്കുന്ന സി.മുനീർ മനോരമ ഒാൺലൈനോട് പറഞ്ഞു. സഹോദരങ്ങൾ സ്വത്ത് തട്ടിയെടുത്തേക്കും എന്നു പേടിച്ചാണ് ഷുക്കൂർ വക്കീൽ ഭാര്യയും കണ്ണൂർ യൂണിവേഴ്സിറ്റി മഞ്ചേശ്വരം ലോ ക്യാംപസ് ഡയറക്ടറുമായ അഡ്വ.ഷീനാ ഷുക്കൂറിനെ ലോക വനിതാ ദിനത്തിൽ വീണ്ടും വിവാഹം ചെയ്തത് എന്ന തരത്തിലുള്ള കമന്റുകൾ സമൂഹത്തിൽ നിന്നുണ്ടാകുന്ന സാഹചര്യത്തിലായിരുന്നു മുനീർ മനോരമ ഒാൺലൈനോട് തന്റെ ഭാഗം വ്യക്തമാക്കിയത്.

 

മുസ്‌ലിം പിന്തുടർച്ചവകാശ നിയമപ്രകാരം പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായാണ് ഇരുവരും വിവാഹിതരായത്. മക്കളുടെ സാന്നിധ്യത്തിൽ ഹൊസ്ദുർഗ് റജിസ്ട്രാർ ഓഫിസിലായിരുന്നു വിവാഹച്ചടങ്ങുകൾ. മുനീറിന്റെ ഭാര്യ ഷാക്കിറയായിരുന്നു ഒന്നാം സാക്ഷി. മുസ്‌ലിം വ്യക്തിനിയമപ്രകാരം മാതാപിതാക്കൾ മരിച്ചാൽ പെൺമക്കൾക്ക് സ്വത്തിൽ തുല്യ അവകാശമുണ്ടായിരിക്കില്ല. പിതാവിന്റെ സഹോദരങ്ങൾക്കു സ്വത്തവകാശം ലഭിക്കും. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുന്നവരെ മുസ്‌ലിം വ്യക്തിനിയമം ബാധിക്കുകയില്ല. ജ്യേഷ്ഠൻ ഭാര്യയെ വീണ്ടും വിവാഹം കഴിക്കുന്നു എന്ന വാർത്തയറിഞ്ഞതു മുതൽ പരിചയക്കാരൊക്കെ ഫോൺ വിളിച്ച് കാര്യമന്വേഷിക്കാൻ തുടങ്ങിയതായി മുനീർ പറഞ്ഞു. അവരോടൊക്കെ മറുപടി പറഞ്ഞ് മടുത്ത് ഫോൺ ഓഫ് ചെയ്തു വയ്ക്കേണ്ട അവസ്ഥയിലായിരുന്നു. അനുജനെന്ന നിലയ്ക്ക്‌ ഈ വിഷയത്തിൽ ഞാനും അറിയാതെ പങ്കാളിയല്ലേ എന്നായിരുന്നു പലരുടെയും ചോദ്യം. ഇത്രയും വർഷത്തെ ബന്ധം വച്ചു നോക്കിയാലും ജീവിതത്തിൽ ഇതുവരെ അനുവർത്തിച്ചു വന്ന നിലപാടുകൾ വച്ച് നോക്കിയാലും ഷുക്കുർച്ചാന്റെ മക്കളുടെ അവകാശങ്ങളിൽ ഒരു കണ്ണുണ്ടാവുമെന്ന് എന്നെക്കുറിച്ചോ അനുജൻ കൗസറിനെക്കുറിച്ചോ ലവലേശം സ്വപ്നത്തിൽ പോലും കരുതുമെന്ന് വിചാരിക്കുന്നില്ല.

 

ഹണിമൂൺ ദുബായിലാക്കിയാൽ കലക്കും. ഞങ്ങളുടെ ഉമ്മ മരിച്ചപ്പോൾ സ്വത്തു വകകൾ രണ്ടു പെണ്‍മക്കൾക്കും മൂന്ന് ആൺമക്കൾക്കും ഒരു പോലെ വീതിച്ചു നൽകിയതിൽ ഇന്നും സന്തോഷിക്കുന്നവരാണ് ഞങ്ങൾ. ചിലപ്പോൾ നിയമങ്ങളേക്കാൾ മനുഷ്യത്വത്തിനും സാഹോദര്യത്തിനും വിലകൽപ്പിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഏറെ ഉണ്ടാവാറുണ്ട്. എന്തായാലും വിവാഹവാർത്ത വൈറലായ സ്ഥിതിക്ക് വച്ച വെടി കുറിക്കു കൊണ്ടു എന്ന് വിലയിരുത്താം. ഹണിമൂൺ ദുബായിലേക്ക് ആക്കിയാൽ പുതിയാപ്പിളയെയും പുതിയ പെണ്ണിനെയും ഒന്ന് നേരിൽ കാണാമായിരുന്നു എന്ന് ഞാൻ ഷുക്കൂർ വക്കീലിനോട് തമാശയ്ക്ക് പറഞ്ഞിരുന്നു. ആദ്യവിവാഹം ഉപ്പയുടെ എതിർപ്പിനിടയിൽ കോലാഹലമായതിനാൽ നന്നായി ആസ്വദിക്കാൻ പറ്റാത്തതിന്റെ വിഷമം ഇങ്ങനെ തീർക്കട്ടെ. ഇനി കൂടുതൽ അവകാശികൾ ഉണ്ടാവാതെ ശ്രദ്ധിക്കണമെന്ന ഉപദേശവും നൽകി.

 

ഷുക്കൂർ വക്കീലിന് അദ്ദേഹത്തിന്റെ നിലപാടുകൾ

 

ഒരു അനുജന് സഹോദരനെ ഇതിൽക്കൂടുതൽ ഉപദേശിക്കേണ്ട ആവശ്യമില്ല. മാത്രമല്ല, അദ്ദേഹം ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ നിലപാടുകളും ജീവിതചര്യകളുമുണ്ട്. അദ്ദേഹം ഒരിക്കലും തന്റെ ഇപ്പോഴത്തെ നിലപാടുകളിൽ നിന്ന് വ്യതിചലിക്കുകയില്ല. ശക്തമായ ഇടതു ചിന്താഗതിക്കാരനായ അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടുകളിൽ നിന്ന് വ്യതിചലിക്കുകയുമില്ല. അത്തരത്തിലുള്ള കോലാഹലങ്ങളൊക്കെ അനാവശ്യമാണ്. ചെറുപ്പത്തിലെ പെൺകുട്ടികൾക്കും വനിതകൾക്കും വേണ്ടി ശബ്ദമുയർത്തിയിരുന്നു. അദ്ദേഹം മൂന്നു പെൺമക്കളുടെ പിതാവാകുകയും ചെയ്തു. അദ്ദേഹത്തിന്റെ എല്ലാ വിജയങ്ങൾക്ക‌ു പിന്നിലും ഭാര്യ അഡ്വ.ഷീനാ ഷുക്കൂറിന്റെ പിന്തുണയുണ്ട്. ജ്യേഷ്ഠന്റെ നടപടി മതത്തിനെതിരെയാണോ അല്ലയോ എന്ന് വ്യക്തമാക്കാൻ താനാളല്ലെന്നും മുനീർ പറഞ്ഞു. എങ്കിലും, ബന്ധുക്കളെയും നാട്ടുകാരെയും സമൂഹത്തെയും വെറുപ്പിച്ചുള്ള യാതൊരു കാര്യവും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണമെന്നും  വ്യക്തമാക്കി. തന്റെ ഫെയ്സ് ബുക്ക് പേജിൽ രസകരമായ ഒരു കഥ പറഞ്ഞാണ് ദുബായിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകൻ കൂടിയായ സി.മുനീർ ജ്യേഷ്ഠനോടും സമൂഹത്തോടും തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്:

 

അടങ്ങ് മാധവാ അടങ്ങ് !

 

ഒരച്ഛനും മകനും കൂടി ചന്തയിൽ പോവുകയായിരുന്നു. രണ്ടു പേരും ചന്തയുടെ ഒരറ്റം മുതൽ നടന്നു തുടങ്ങി. മകൻ ഒരോ കാര്യവും പറഞ്ഞ് അച്ഛനെ ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. ഓരോ ആവശ്യങ്ങൾ പറഞ്ഞ് മകൻ അച്ഛനെ വല്ലാതെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു. ഓരോ പ്രാവശ്യവും ദേഷ്യം വരുമ്പോൾ, ക്ഷമ നശിക്കുമ്പോൾ അച്ഛൻ പറഞ്ഞു കൊണ്ടേയിരുന്നു:

 

"അടങ്ങ് മാധവാ അടങ്ങ്"!!!

 

ചന്തയിൽ ഉണ്ടായിരുന്ന ഒരാൾ ഇത് കേട്ട് സഹി കേട്ടപ്പോൾ മകനേ ശകാരിച്ച് കൊണ്ട് പറഞ്ഞു:

 

"എടോ മാധവാ, അച്ഛൻ എത്ര നേരമായി നിന്നോട് അടങ്ങാൻ പറയുന്നു, നിനക്കച്ഛനെ അനുസരിച്ചൂടെടോ?"

 

എന്നിട്ടയാൾ അച്ഛനോട് ചോദിച്ചു: "നിങ്ങൾക്കവനെ ഒന്നടിച്ചൂടേ, എന്തിനാ ഇങ്ങനെ പതിയെ പറയുന്നത്?"

 

ഇത് കേട്ട അച്ഛൻ പറഞ്ഞു: 

 

"മാധവൻ അവനല്ല, ഞാനാണ്. ഓരോ പ്രാവശ്യം അവൻ അനുസരണക്കേട് കാണിക്കുമ്പോഴും, ഞാൻ എന്നോട് തന്നെ പറയുന്നതാണ്, അടങ്ങ് മാധവാ അടങ്ങ് എന്ന്. കാരണം അവനെത്ര പറഞ്ഞാലും മനസ്സിലാവില്ല,

 

അപ്പൊ പിന്നെ ഞാൻ എന്നെ തന്നെ നിയന്ത്രിക്കുന്നതല്ലേ നല്ലത് ?"

 

ഇത് കേട്ടയാൾ മകനെ ഒന്ന് നോക്കിയിട്ട് മാധവന് കൈ കൊടുത്ത് ആൾക്കൂട്ടത്തിലേയ്ക്ക് ലയിച്ചു ചേർന്നു!

 

മാധവൻ അടങ്ങിക്കൊണ്ടേയിരുന്നു.... 

 

പ്രിയ സഹോദരങ്ങളെ , നമ്മുടെ... മതം, രാഷ്ട്രീയം , അനുഷ്‌ഠാനം, ആചാരം , പെരുമാറ്റം , സ്വഭാവം , നിലപാട് ...

 

ഒരു വ്യക്തി എന്ന നിലയിൽ എല്ലാം എന്നിൽ മാത്രം നിക്ഷിപ്തമാണ്. പക്ഷേ, ഒരു സമൂഹജീവി എന്ന നിലയ്ക്ക്‌ നാം മറ്റു പലതും കണക്കിലെടുക്കേണ്ടതില്ലേ ? കുടുംബം, നാട്ടുകാർ, കൂട്ടുകാർ , ബന്ധുക്കൾ , ഗുരുക്കന്മാർ , ശിഷ്യ ഗണങ്ങൾ തുടങ്ങി... നാം ജീവിക്കുന്ന ചുറ്റുപാടിൽ നമ്മോട് ബന്ധപ്പെട്ടു കിടക്കുന്ന സർവ്വ ചരാചരങ്ങളെയും കണക്കിലെടുത്തു വേണം നാം നമ്മുടെ ഓരോ നിർണായക തീരുമാനങ്ങളും എടുക്കേണ്ടതും അവ പുറം ലോകരെ അറിയിക്കേണ്ടതും! ധാരണകൾ ശെരിയോ തെറ്റോ ആവാം... അടുത്ത വീട്ടിലെ ചുമരിലെ അഴുക്കുകൾ നാം കാണുന്നത് പൊടി പിടിച്ച നമ്മുടെ ജനാലച്ചില്ലിലൂടെ നോക്കുന്നതു കൊണ്ടായിരിക്കാം!!!

 

എന്തായാലും ഒരു വിവാദങ്ങൾക്കും താല്പര്യമില്ലാത്ത ഈയുള്ളവൻ മനസാ വാചാ കർമ്മണാ ഒരാളെയും വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ വിചാരം കൊണ്ടൊ നോവിക്കാനോ വിഷമിപ്പിക്കാനോ താല്പര്യമില്ലാത്തവനാണെന്ന് ഇതിനാൽ തര്യപ്പെടുത്തിക്കൊള്ളുന്നു.

 

എല്ലാവർക്കും സ്നേഹം മാത്രം!

 

സി.മുനീറിന്റെ ഇൗ എഫ്ബി പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും കമന്റുകൾ വന്നുകൊണ്ടിരിക്കുന്നു. കുഞ്ചക്കാ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ ഷുക്കൂർ വക്കീലായി തന്നെ അഭിയനിച്ചാണ് കാസർകോട് ചെറുവത്തൂർ സ്വദേശിയായ അഡ്വ.സി.ഷുക്കൂർ ശ്രദ്ധേയനായത്. ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.