കോൺഗ്രസിനെ കടന്നാക്രമിച്ചും, രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളെ പ്രകീർത്തിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധികുടുംബമല്ലാത്ത എല്ലാവരെയും കോൺഗ്രസിന് പുശ്ചമാണെന്ന് മോദി പറഞ്ഞു. ബിജെപി ഗാന്ധിനഗറിൽ നടത്തിയ മഹാറാലിയിലാണ് പരാമർശം. അതേസമയം, നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സമ്മേളനത്തിൽ, മോദി പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ല
ഗാന്ധികുടുംബത്തെ ലക്ഷ്യംവച്ചും, കേന്ദ്രസർക്കാരിൻറെ വികസനനയങ്ങളെ ഉയർത്തിക്കാട്ടിയുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ. ഗാന്ധി കുടുംബമല്ലാത്ത എല്ലാവരെയും കോൺഗ്രസിന് പുശ്ചമാണ്. കോൺഗ്രസ് നാടുവാഴികളുടെമാത്രം പാർട്ടിയാണ്. മുഖ്യമന്ത്രി ആയിരുന്നപ്പോൾ തന്നെ ജയിലിലടയ്ക്കാൻ ശ്രമിച്ചവരാണവർ. ദലിത് വിരുദ്ധനെന്ന് തന്നെ മുദ്രകുത്തി. എന്നാൽ, ഇന്ന് കോൺഗ്രസ് എവിടെ നിൽക്കുന്നു, ബിജെപി എവിടെനിൽക്കുന്നുവെന്ന് ജനങ്ങൾക്കറിയാം. അദ്ദേഹം പറഞ്ഞു.
സർദാർ വല്ലഭായ് പട്ടേലിന് അർഹമായ സ്ഥാനംനൽകാതിരുന്നവർ ഇപ്പോൾ അദ്ദേഹത്തെ പ്രകീർത്തിക്കുന്നത് കൗതുകമാണ്. കേന്ദ്രം കള്ളപ്പണത്തിനെതിരെ നിലപാടെടുത്തപ്പോൾ വിമർശിച്ചവരാണ് കോൺഗ്രസ്. ജിഎസ്ടി മൂലം വ്യാപാരസമൂഹത്തിനുണ്ടായ ബുദ്ധിമുട്ടുകൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മഹാസമ്മേളനത്തിൽ വാഗ്ദാനങ്ങളൊന്നുമണ്ടായില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കാത്തത് മോദി പങ്കെടുക്കുന്ന മഹാറാലി മുന്നിൽ കണ്ടാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.