തമിഴ്നാട്ടില്‍ ഭരണപക്ഷത്ത് അധികാരത്തര്‍ക്കം പുകയുന്നു. ലയനം നടന്നിട്ടും ഭരണ നിര്‍വഹണത്തില്‍ കാര്യമായി സ്വാധീനം ചെലുത്താവനാവാത്തതാണ് പനീര്‍സെല്‍വം വിഭഗത്തിന്‍റെ അതൃപ്തിക്ക് കാരണം. രണ്ടില ചിഹ്നം കൂടി ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി കൂടുതല്‍ ശക്തനാകും.
ഒ.പി.എസ്-ഇപിഎസ് വിഭാഗങ്ങള്‍ ലയിക്കുകയും ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിട്ട് അധികനാള്‍ ആയിട്ടില്ല. പനീര്‍സെല്‍വവും കെ.പി.മുനിസാമി വി.മൈത്രേന്‍ തുടങ്ങിയ അനുകൂലികളും അധികാര വിഷയത്തില്‍ അസംതൃപ്തരാണ്. ഉപമുഖ്യമന്ത്രിയാണെങ്കിലും ഭരണത്തില്‍ വലിയ സ്വാധീനം ചെലുത്താനോ സ്വന്തമായി തീരുമാനമെടുക്കാനോ കഴിയുന്നില്ല എന്നത് ഒ.പി.എസിനെ അസ്വസ്ഥനാക്കുന്നുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥരെ അനുവദിച്ചതില്‍ പോലും ഒ.പി.എസ് തൃപ്തനല്ല എന്നാണ് അറിയുന്നത്. ബി.ജെ.പിയുടെ ചരടുവലിയാണ് ലയനത്തിന് കാരണമായത് എന്നതുകൊണ്ടുതന്നെ അധികാരം സംബന്ധിച്ച തര്‍ക്കത്തിലും ബി.ജെ.പിയെ ഇടപെടുത്താനാണ് ഒ.പി.എസിന്‍റെ ശ്രമം. ഇന്നലെ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ട പനീര്‍സെല്‍വം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നാണ് സൂചന. എന്നാല്‍ മുഖ്യമന്ത്രിയുമായി തര്‍ക്കങ്ങളൊന്നുമില്ലെന്നും പ്രധാനമന്ത്രിയുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും ഒ.പി.എസ് പറഞ്ഞു.
രണ്ടില ചിഹ്നം സംബന്ധിച്ച പരാതിയില്‍ വരുന്ന തിങ്കളാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാദം കേള്‍ക്കും. ചിഹ്നം ഭരണപക്ഷത്തിന് ലഭിക്കുകയാണെങ്കില്‍ അത് ഏറെ ഗുണം ചെയ്യുക പളനി സാമിക്കാണ്. ഡിസംബര്‍ മുപ്പത്തിയൊന്നിന് മുമ്പ് ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഉടനുണ്ടായേക്കും. ഭരണപക്ഷത്തെ ശീതയുദ്ധം ദിനകരന്‍ പക്ഷം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതും പ്രധാനമാണ്.