ഫാന്‍സിന്‍റെ ആഘോഷങ്ങള്‍ക്കപ്പുറം കലാമൂല്യത്തിന്‍റെ അളവുകോലുകൊണ്ടൊന്നും വിജയ് ചിത്രങ്ങളെ അളക്കാന്‍ ആരും മെനക്കെടാറില്ല. നാടിന്‍റെ നന്മകളുടെയും സഹോദരിയുടെയും സംരക്ഷകന്‍. പുട്ടിന് തേങ്ങപോലെ ആട്ടവും പാട്ടും. ഒരോ ട്രാക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒാടുന്ന സിനിമകള്‍ . പൂരം കണ്ടിറങ്ങുന്നവന്‍റെ മനസാണ് പലപ്പോഴും വിജയ് ചിത്രം കണ്ടിറങ്ങുന്ന ആസ്വാദകന്. സിനിമയുടെ മുന്നോട്ടുവെയ്ക്കുന്ന സന്ദേശമെന്താണെന്ന് ആരും ഒാര്‍ക്കാറുപോലുമില്ല. ഏതായാലും മെര്‍സല്‍ വന്‍വിജയമാക്കിയതിന് സിനിമയുടെ അണിയറപ്രവര്‍ക്കും നായകനും ബിജെപി നേതാക്കളുടെ വര്‍ഗീയവിഷത്തിനും വിവരക്കേടിനും കൂടി നന്ദി പറയാം.
രാജ്യം ഭരിക്കുന്ന പാർട്ടി ഒരു തട്ടുപൊളിപ്പൻ സിനിമയിലെ രണ്ട് വരി ഡയലോഗിനെ പേടിച്ച് വിരളുന്ന ദയനീയ കാഴ്ച. വിജയ് ചിത്രം മെര്‍സലിനെതിരെ വാളോങ്ങിയ ബിജെപി നേതാക്കള്‍ അവരുടെ അസഹിഷ്ണുതയും അറിവില്ലായ്മയും നാട്ടുകാരുടെ മുന്നില്‍ തുറന്നുകാണിച്ച് ലോക തോല്‍വികളാണെന്ന് തെളിയിച്ചു.
ഒരു നടനെ അയാളുടെ ജാതിയും മതവും തിരിച്ച് അവഹേളിക്കാന്‍ ശ്രമിച്ചവര്‍ക്ക് തമിഴ് ജനത കരണക്കുറ്റിനോക്കി കണക്കിന് കൊടുത്തു. കഷ്ടിച്ച് മൂന്ന് ശതമാനം മാത്രം വോട്ടുള്ളൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് 97 ശതമാനം തമിഴര്‍ എന്ത് കാണണമെന്നും കേള്‍ക്കണമെന്നും തീരുമാനിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്.
നായകന്‍റെ കഥാപാത്രം ജിഎസ്ടിയെക്കുറിച്ചും കുഞ്ഞുങ്ങള്‍ ഒാക്സിജന്‍ കിട്ടാതെ മരിച്ചതിനെക്കുറിച്ചും പറഞ്ഞ ഡയലോഗുകളായിരുന്നു പ്രകോപനം.
ഉടന്‍ സിനിമ മോദി വിരുദ്ധമായി. ഹിന്ദു വിരുദ്ധമായി. കോവിലിനു പകരം ആശുപത്രി നിര്‍മ്മിക്കണമെന്ന് പറഞ്ഞതിന് മറുപടിയായി അമ്പലങ്ങളുടെയും പള്ളികളുടെയും കള്ളിതിരിച്ചുള്ള കണക്കുകളായി.
വിജയുടെ മതം തിരഞ്ഞത് വേട്ടയാടാന്‍ തുനിഞ്ഞിറങ്ങിയത് ബിജെപിയുടെ ദേശീയ സെക്രട്ടറി എച്ച് രാജ. ഒപ്പം നിന്നത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും. കളി ഛോട്ടാ നേതാക്കളില്‍ ഒതുങ്ങുന്നതല്ലെന്ന് വ്യക്തം. ദ്രാവിഡ സ്വത്വബോധത്തില്‍ ഉൗതിക്കാച്ചിയ തമിഴ് മനസില്‍ എന്തായാലും ബിജെപിയുടെ വര്‍ഗീയതയുടെ പരിപ്പ് വെന്തില്ല. ഫാസിസത്തിന്‍റെ പേക്കൂത്തുകളെ ഒരു ജനത കൂവിത്തോല്‍പ്പിച്ചു. രണ്ടിലയെ പിളര്‍ത്തി തമിഴകത്ത് താമരവിരിയിക്കാനുള്ള തത്രപാടിനിടയിലാണ് ബിജെപി നേതാക്കള്‍ക്ക് മെര്‍സല്‍ എന്ന ആയുധം വീണുകിട്ടിയത്. എന്നാല്‍ അത് കാവിപ്പടയെ തിരഞ്ഞുകൊത്തി.
നോട്ട് നിരോധനമുണ്ടാക്കിയ ദുരിതവും ജിഎസ്ടി സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കിയ മാന്ദ്യവും നാട്ടുകാരെല്ലാം നേരിട്ടനുഭവിച്ചതാണ്. ഗോരഖ്പൂരിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണം കണ്ടറിഞ്ഞതാണ്. സിനിമയെ വെല്ലുന്ന യഥാര്‍ഥ്യങ്ങള്‍. (ഹോള്‍ഡ് ). അതുകൊണ്ടുതന്നെയാണ് മെര്‍സലിന്‍റെ സൃഷ്ടാക്കാള്‍ അത്തരമൊരു പഞ്ച് ഡയലോഗ് ഒരുക്കിയത്. ആള്‍ക്കൂട്ടത്തിന് വേണ്ടത് നല്‍കുന്നതില്‍ അവര്‍ വിജയിച്ചു. അത്രമാത്രം. ഗോരഖ്പൂരില്‍ മരിച്ച കുഞ്ഞങ്ങളുടെ മതമേതാണ്? മതത്തിന്‍റെ പേരില്‍ സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് ആര്‍ക്കെങ്കിലും ഇളവുകിട്ടിയിട്ടുണ്ടോ?
നാടിന്‍റെ നടുവൊടിക്കുന്ന തുഗ്ലക് പരിഷ്ക്കാരങ്ങളില്‍ ജനങ്ങള്‍ക്കുള്ള രോഷം ആളിക്കത്തുന്നതിലുള്ള ഭയം തന്നെയാണ് ജോസഫ് വിജയ് ചന്ദ്രശേഖറിന്‍റെ ജന്മരേഖകള്‍വരെ തപ്പിയിറങ്ങിയാന്‍ പ്രേരിപ്പിച്ചത്. മെര്‍സല്‍ വിവാദം വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും വഴിമരുന്നിട്ടുകഴിഞ്ഞു. സിനിമയും രാഷ്ട്രീയവും ഏറെ ഇഴുകിച്ചേര്‍ന്നുകിടക്കുന്ന തമിഴ് മണ്ണില്‍ ഒരുസാധ്യതയും തള്ളിക്കളയാനാകില്ല. 2009 ല്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നിന്ന വിജയ് 2011 ല്‍ ജയലളിതയ്ക്ക് അനുകൂലമായ നിലപാടുകള്‍ എടുത്തു. പിന്നെ അണ്ണാ ഹസാരെയ്ക്ക് പിന്തുണ നല്‍കി. സാധ്യതകളുടെ കലയാണല്ലോ രാഷ്ട്രീയം.