ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർഥികളെ പത്തുദിവസത്തിനുള്ളിൽ പ്രഖ്യാപിച്ചേക്കും. പ്രാഥമികപട്ടിക പൂർത്തിയായി. വിശാലസഖ്യത്തിനായി ശ്രമിക്കുന്ന കോൺഗ്രസിന്റെ സ്ഥാനാർഥിനിർണയ ചർച്ചകൾ നീളുകയാണ്.
തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതുമുതൽ ദേശിയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിലാണ് ഗുജറാത്തിൽ ബിജെപി കരുനീക്കങ്ങൾ നടത്തുന്നത്. പാർട്ടി ആസ്ഥാനത്തു നടന്ന സംസ്ഥാന പാർലമെന്ററി യോഗത്തിനു ശേഷം, എല്ലാ മണ്ഡലങ്ങളിലേക്കും പരിഗണിക്കാവുന്ന സ്ഥാനാർത്ഥികളെ നിർണയിച്ചുകഴിഞ്ഞു. ഒരുമണ്ഡലത്തിൽ പരിഗണിക്കാവുന്ന രണ്ടും, മൂന്നും പേരുകളുള്ള പട്ടികയാണ് പാർട്ടി രൂപീകരിച്ചിട്ടുള്ളത്. അന്തിമതീരുമാനം കേന്ദ്ര പാർലമെന്ററി യോഗത്തിനു ശേഷം പ്രഖ്യാപിക്കും. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെക്കുള്ള അനുയോജ്യരായ സ്ഥാനാർത്ഥികളെ നവംബർ ആദ്യത്തോടെ പ്രഖ്യാപിച്ച്, തിരഞ്ഞെടുപ്പിന് ഒരുമാസം മുൻപേ സജീവപ്രചാരണം ആരംഭിക്കാനും പാർട്ടി ഉദ്ദേശിക്കുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേർന്ന എംഎൽഎമാർക്കും, പട്ടേൽ, ദലിത് സമുദായത്തിനും പരിഗണന നൽകിയാവും അന്തിമപ്രഖ്യാപനമുണ്ടാവുക എന്നാണ് വിവരം.
എന്നാൽ, വിശാല ഐക്യ മുന്നണിയുമായി മുന്നോട്ടുപോകുന്ന കോൺഗ്രസിൽ സീറ്റ് ചർച്ചകൾ വൈകുകയാണ്. പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള മറ്റു കക്ഷികൾക്കൊപ്പം, സാമുദായിക നേതാക്കളുടെ ഉപാധികളും അംഗീകരിച്ചാകും സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും. അതിനാൽ, സ്ഥാനാർഥികളെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ നവംബർ രണ്ടാംവാരത്തോടെ മാത്രമേ പൂർത്തിയാകാൻ ഇടയുള്ളൂ. അതേസമയം, താൻ മുന്നോട്ടുവച്ചിട്ടുള ഉപാധികൾ കോൺഗ്രസ് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നതായും, അതിനാൽതന്നെ കോൺഗ്രസിനായിരിക്കും പിന്തുണ നൽകുകയെന്നും പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേൽ പറഞ്ഞു. പക്ഷെ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷമെ അന്തിമതീരുമാനം പ്രഖ്യാപിക്കു എന്നും ഹാർദിക് വ്യക്തമാക്കി.