ഗുജറാത്തിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വിജയ് രൂപാനിയെ ഉയർത്തിക്കാട്ടുമ്പോഴും, നരേന്ദ്രമോദിക്ക്ശേഷം ശക്തരായ നേതാക്കളുടെ അഭാവമാണ് ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. മറുപക്ഷത്ത് ഭരത് സോളങ്കിയെന്ന പിസിസി പ്രസിഡന്റിനെ മാത്രം ആശ്രയിക്കുന്ന കോൺഗ്രസ്, തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരേയും ഉയർത്തിക്കാട്ടുന്നുമില്ല.
ഗുജറാത്ത് തുടർച്ചായിഭരിക്കുന്ന ബിജെപിയുടെ മുഖമായിരുന്നു നരേന്ദ്രമോദി. ശക്തനായ നേതാവെന്ന പരിവേഷത്തിൽ മോദിയെന്ന വ്യക്തിയിലൂന്നിയാണ് ഇതിനുമുന്‍പുള്ള നാല് തിരഞ്ഞെടുപ്പുകളേയും ബിജെപിനേരിട്ടത്. എന്നാൽ, 2014ൽ പ്രധാനമന്ത്രിപദത്തിലേക്ക് മോദി പോയപ്പോൾ, പകരമെത്തിയത് മോദിയുടെതന്നെ വിശ്വസ്ത ആനന്ദിബെൻ പട്ടേൽ. പക്ഷെ, പട്ടേൽ, ദലിത് സമരങ്ങളെ ചെറുക്കുന്നതില്‍ പരാജയപ്പെട്ട ആനന്ദിബെന്നിനെ ബിജെപി ഒരുവർഷത്തിന്ശേഷം മാറ്റി. പിന്നീടെത്തിയത് അമിത്ഷായുടെ വിശ്വസ്തൻ വിജയ് രൂപാനി. പട്ടേൽവിഭാഗത്തെ കൂടെക്കൂട്ടാൻ നിതിൻഭായ് പട്ടേലിനെ ഉപമുഖ്യന്ത്രിയാക്കി. ഇത്തവണയും വിജയ് രൂപാനിയെതന്നെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടുന്നത്. എന്നാൽ മോദിയോളം വരില്ല രൂപാനിയെന്നതാണ് വെല്ലുവിളി.
അതേസമയം, കോൺഗ്രസിന് അങ്ങനെയൊരു മുഖമില്ല. എൺപതുകളിലെ കോൺഗ്രസിൻറ കരുത്തനായ നേതാവ് മാധവ് സിങ് സോളങ്കിയുടെ മകൻ, പിസിസി അധ്യക്ഷൻ ഭരത് സോളങ്കിയിലാണ് നേതൃത്വം പ്രതീക്ഷവയ്ക്കുന്നത്. സോളങ്കിയാണ് വിശാലസാമുദായിക ഐക്യം എന്ന ആശയം വീണ്ടുംപൊടിതട്ടിയെടുത്തതും. എന്നാൽ, പാർട്ടിക്കുള്ളിലെ വിഭാഗീയത മറ്റൊരു പ്രധാനഘടകമായതിനാൽ, ഒരുമുഖത്തിൽ ഊന്നിയായുള്ള പ്രചാരണം കോൺഗ്രസിന് ഗുണംചെയ്യില്ല.