അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് അധ്യാപികയുടെ ക്രൂര മർദനം. പെണ്‍കുട്ടിയെ കത്രിക ഉപയോഗിച്ച് മർദിച്ച ശേഷം സ്കൂളിലെ ബാല്‍ക്കണിയിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞു. ഡൽഹിയിലെ മുൻസിപ്പൽ കോർപറേഷനു കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി നഗർ നിഗം പ്രത്മിക് വിദ്യാലയത്തിൽ രാവിലെ 11.15 ഓടെയാണ് സംഭവം.
വന്ദന എന്ന പെൺകുട്ടിയാണ് മർദനത്തിനിരയായത്. സംഭവത്തെത്തുടന്ന് അധ്യാപികയായ ഗീതാ ദേഷ്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരകൗശല വസ്തുക്കൾ നിർമിക്കാനുപയോഗിക്കുന്ന കത്രിക ഉപയോഗിച്ചാണ് അധ്യാപിക വിദ്യാർഥിനിയെ മർദിച്ചത്. തുടർന്ന് പെൺകുട്ടിയെ താഴത്തെ നിലയിലേക്ക് വലിച്ചെറിയുകയായിരുന്നു. മറ്റു അധ്യാപകർ തടയാൻ ശ്രമിച്ചെങ്കിലും അധ്യാപിക പെണ്‍കുട്ടിയെ മര്‍ദിക്കുന്നത് തുടരുകയായിരുന്നു.
നിലത്തേക്കു വീണ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക് സി,ടി സ്കാൻ ഉൾപ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തിയെന്നും കുട്ടി സുരക്ഷിതമായി ഇരിക്കുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തില്‍ പ്രതിഷേധിച്ച് രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തു വന്നു. പൊലീസിൽ നിന്നും അധ്യാപികക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.
Delhi Teacher Attacks Class 5 Girl With Scissors, Throws Her Off Balcony