ഹൈക്കോടതി മന്ദിരത്തിന്റെ സുരക്ഷയ്ക്ക് സംസ്ഥാന ദുരന്ത പരിപാലന അതോറിറ്റി സമഗ്രമായ പദ്ധതി തയ്യാറാക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ ആളുകളെ ഒഴിപ്പിക്കാനും നിലവിലെ കാർ പാർക്കിങ്ങ് സംവിധാനം ക്രമീകരിക്കാനും പദ്ധതി വേണമെന്നും സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലുണ്ട്.
നിർമാണത്തിലെ അപാകത മൂലം ഹൈക്കോടതിയുടെ പുതിയ മന്ദിരം അപകടാവസ്ഥയിലായതോടെയാണ് ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചത്. മന്ദിരത്തിൻറെ സുരക്ഷയ്ക്ക് സമഗ്ര പദ്ധതി ദുരന്തനിവാരണ അതോറിറ്റി തയാറാക്കണമെന്നാണ് പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകർ അധ്യക്ഷനായ സമിതിയുടെ പ്രധാന ശുപാർശ.
അഗ്നിശമനാ സേനാ ഡയറക്ടറുടെ നിർദേശം കൂടി പരിഗണിച്ചായിരിക്കണം സമഗ്ര പദ്ധതി തയാറാക്കേണ്ടത്. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കാൻ സംവിധാനം വേണം. ഇതിനായി നിലവിലെ കാർപാർക്കിങ് രീതി ക്രമീകരിക്കണം. നിലവിലെ അഗ്നിശമന സംവിധാനം കുറ്റമറ്റതാണോ എന്ന് പരിശോധിക്കണം. സിവിൽ ഇലട്രിക്കൽ ഇലക്ട്രോണിക്ക് സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കണം.
ഇതിനായി വാർഷിക കരാർ നിൽകുന്ന കാര്യം പരിശോധിക്കണം: ബലക്ഷയം സംബന്ധിച്ച് മദ്രാസ് ഐ ഐ ടി റിട്ട. പ്രഫ.പി.കെ അരവിന്ദൻ, തിരച്ചിറ്റപ്പള്ളി എൻഐടിയിലെ ഡോ. നടരാജൻ എന്നിവരുടെ പരിശോധനാറിപ്പോർട്ടുകൾ പഠിക്കണം. ചെന്നൈ എസ് സി ആർ സി സീനിയർ സയൻറസ്റ്റ് ഡോ.ശ്രീനിവാസനിൽ നിന്ന് അഭിപ്രായം തേടണം. കടലിനോട് ചേർന്ന് നിൽക്കുന്ന സാഹചര്യം കെട്ടിടത്തെ എത്രത്തോളം ബാധിച്ചു എന്നും പരിശോധിക്കണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അറ്റകുറ്റപണി പൂർത്തീകരിക്കാൻ 42 ലക്ഷം രൂപ വേണം. ഹൈക്കോടതി അംഗീകാരത്തോടെ ശുപാർശകൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.