ജി.എസ്.ടിയുടെ പേരിൽ ഹോട്ടലുകൾ കൊള്ളവില ഈടാക്കുന്നത് തടയാൻ സംസ്ഥാനവ്യാപകമായി പരിശോധന. ചരക്കുസേവനനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പലഹോട്ടലുകളിലും ക്രമക്കേടുകൾ കണ്ടെത്തി. അനധികൃതനികുതി പിരിവ് ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
ചരക്കുസേവനനികുതി കമ്മീഷണറുടെ നേതൃത്വത്തിൽ ജില്ലാ തലങ്ങളിൽ പലസംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രം 18 സംഘങ്ങൾ പരിശോധന നടത്തുന്നുണ്ട്. 75 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ഹോട്ടലുകൾ പോലും ജി.എസ്.ടി എന്ന പേരിൽ അധിക പണം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത് കണ്ടെത്തി.
ഓരോ ഹോട്ടലിലേയും ബില്ലിങ് രീതിയും കണക്കുകളും വിശദമായി പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് ആകെ 15000ഓളം ഹോട്ടലുകളുണ്ടെന്നാണ് കണക്ക്. 75 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള ഹോട്ടലുകൾക്ക് അഞ്ച് ശതമാനം കോമ്പൗണ്ടിങ് നികുതിയും 75 ലക്ഷത്തിന് മുകളിൽ നോൺ എസി ഹോട്ടലിൽ 12 ശതമാനവും എ.സിഹോട്ടലുകളിൽ 18 ശതമാനവുമാണ് നിരക്ക്. ഏത് നികുതിനിരക്കിൽ പെടുന്നെന്നും നികുതി എത്രയെന്നും ഹോട്ടലിൽ പ്രദർശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇത് മിക്ക ഹോട്ടലുകളും പാലിക്കുന്നില്ലെന്നും കണ്ടെത്തി. പരിശോധനയും നടപടിയും വരുംദിവസങ്ങളിലും തുടരും.