ക്ഷേത്രദർശന വിവാദത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എതിരെ സംഘടനാനടപടി ഇല്ല . കടകംപള്ളിയുടെ വിശദീകരണം സിപിഎം നേതൃത്വം അംഗീകരിച്ചു . ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി.
കടകംപള്ളി സുരേന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം സംസ്ഥാനസമിതി വിലയിരുത്തി. സി.പി.എമ്മുകാരായ മുൻ ദേവസ്വം മന്ത്രിമാരുടെ മാതൃക കടകംപള്ളി പിന്തുടരണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. വിവാദം ഒഴിവാക്കാൻ സൂക്ഷ്മത കാണിക്കാനായില്ലെന്ന് മന്ത്രി സ്വയംവിമർശനം നടത്തി.
സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ കടകംപള്ളിക്കെതിരായ വിമർശനം ഇടംപിടിച്ചിരുന്നു. ദേവസ്വംമന്ത്രിയെന്ന നിലയിൽ ക്ഷേത്രം സന്ദർശിച്ചതിൽ തെറ്റില്ല. എന്നാൽ ദർശനവും വഴിപാടും വിമർശനത്തിന് ഇടയാക്കിയെന്ന് കോടിയേരി പറഞ്ഞു. തുടർന്നു നടന്ന ചർച്ചയിൽ ഭൂരിപക്ഷംപേരും മന്ത്രി കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.
പാർട്ടിക്ക് മുമ്പും ദേവസ്വം മന്ത്രിമാർ ഉണ്ടായിട്ടുണ്ട്. അവരൊക്കെ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വിവാദങ്ങൾക്ക് അവസരം കൊടുത്തിട്ടില്ല. ഈ മാതൃക കടകംപളളിയും പിന്തുടരണമെന്നായിരുന്നു ആവശ്യമുയർന്നത്. ക്ഷേത്രത്തിൽ പോയപ്പോൾ അവിടെയുള്ള ആചാരമര്യാദകൾ പാലിക്കുകയാണ് ചെയ്തതെന്ന് കടകംപള്ളി വിശദീകരിച്ചു. വിവാദമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.