മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൈന സന്ദർശിക്കുന്നത് ദേശീയതാൽപര്യത്തിന് വിരുദ്ധമാകുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രവിദേശമന്ത്രാലയം. അനുമതി നിഷേധിച്ചതിന് കാരണം വിവരാവകാശനിയമപ്രകാരം തേടിയപ്പോഴാണ് ഈ മറുപടി. മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് നിലവാരമില്ലാത്തതിനാൽ അനുമതി നിഷേധിച്ചെന്നായിരുന്നു കേന്ദ്രവിദേശസഹമന്ത്രി വികെ സിങ് േനരത്തെ വിശദീകരിച്ചത്.
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക ടൂറിസം ഒാർഗനൈസേഷൻ മീറ്റിങ് രാജ്യതാൽപര്യത്തിന് വിരുദ്ധവുമാണെന്ന് തോന്നും മന്ത്രികടകംപള്ളിസുരേന്ദ്രന് അനുമതി നിഷേധിച്ചതിന് വിദേശമന്ത്രാലയം ചൂണ്ടിക്കാട്ടുന്ന കാരണം കണ്ടാൽ .വിദേശ സന്ദർശനത്തിന് സംസ്ഥാനമന്ത്രിക്ക് അനുമതി നൽകുന്നതും നിഷേധിക്കുന്നതും വിദേശമന്ത്രാലയം മന്ത്രി പങ്കെടുക്കേണ്ട പരിപാടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയവശങ്ങൾവിശദമായി പരിശോധിച്ച് തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ഈ റിപ്പോർട്ടിൽ മന്ത്രിയുടെ സന്ദർശനം രാജ്യതാൽപര്യത്തിന് വിരുദ്ധമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ദോക്്ലാം അതിർത്തി സംഘർഷമടക്കം നിലനിരുന്ന കാലത്ത് കേന്ദ്രമന്ത്രിമാർ ചൈന സന്ദർശിച്ചിരുന്നു. എന്നാൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടൊരു പരിപാടിയിൽ പങ്കെടുക്കാൻ കടകംപള്ളി സുരേന്ദ്രന് അനുമതി നിഷേധിച്ചതിന് വ്യക്തമായ ന്യായീകരണം നൽകാൻ അന്ന് കേന്ദ്രസർക്കാരിന് കഴിഞ്ഞിരുന്നില്ല.
വിഷയം വിവാദമായപ്പോൾ മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് നിലവാരമില്ലാത്തതിനാൽ അനുമതി നിഷേധിച്ചെന്നായിരുന്നുപറഞ്ഞ് കേന്ദ്രമന്ത്രി വികെ സിങ് തലയൂരുകയായിരുന്നു.