എട്ടുമാസം കഴിഞ്ഞിട്ടും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള ത്വരിത പരിശോധന പൂർത്തിയാക്കാതെ വിജിലൻസ്. നാൽപ്പത്തിയഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട അന്വേഷണമാണ് എട്ടുമാസമായിട്ടും പൂർത്തിയാക്കാത്തത്. മാനദണ്ഢങ്ങൾ മറികടന്ന് അനർട്ട് ഡയറക്ടറായി ആർ.ഹരികുമാറിനെ നിയമിച്ചുവെന്നതാണ് കേസ്.
ചീഫ് സെക്രട്ടറി, ഊർജ സെക്രട്ടറി, കെ.എസ്.ഇ.ബി ചെയർമാൻ എന്നിവർ നടത്തേണ്ട അനർട്ട് ഡയറക്ടർ നിയമനം മന്ത്രി നേരിട്ടു നടത്തിയെന്നാണു ആരോപണം. 2007 ലെ ടെസം പ്രോജക്ടിൽ അംഗമായിരുന്ന ഹരികുമാർ കോടികളുടെ തിരിമറി നടത്തിയതിനെ സംബന്ധിച്ചായിരുന്നു വിജിലൻസ് അന്വേഷണം നടക്കവെയാണ് അനർട്ട് ഡയറക്ടറായി നിയമനം നൽകിയതെന്നും ആരോപിക്കുന്നു. കൂടാതെ ഹരികുമാറിന് അനധികൃത നിയമനം നൽകി നാലു ദിവസം കഴിഞ്ഞാണ് അപേക്ഷ ക്ഷണിച്ചതെന്നും ഡയറക്ടർക്കു വേണ്ട നിശ്ചിത പ്രായ പരിധി പോലും പാലിച്ചില്ലെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു.
ആദ്യം വിജിലൻസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷിക്കാൻ കൂട്ടാക്കിയില്ലെന്നു ചൂണ്ടികാണിച്ച് കോടതിയെസമീപിക്കുകയായിരുന്നു. കോടതി കേസ് പരിഗണിക്കുമ്പോൾ ത്വരിതപരിശോധന നടക്കുന്നതായി വിജിലൻസ് കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് മാർച്ച് 4 നു റിപ്പോർട്ടു സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് അന്വേഷിക്കുന്നകേസിൽ ഇതുവരെയും ത്വരിത പരിശോധനാ റിപ്പോർട്ട് സമർപ്പിച്ചില്ല.