സോളറിൽ കുരുങ്ങി കോൺഗ്രസ് ഉന്നത നേതാക്കള്‍ക്കെതിരെയെല്ലാം അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം പ്രതിരോധത്തിലായി. പ്രധാന എ ഗ്രൂപ്പ് നേതാക്കൾക്കെതിരെയാണ് അന്വേഷണമെന്നത് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെയും സ്വാധീനിക്കും. ഭരണത്തിലിരുന്നപ്പോഴത്തേക്കാൾ യു.ഡി.എഫിനെയും പ്രത്യേകിച്ച്, കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സോളർ കേസ്.
പ്രതിപക്ഷത്തിന്റെ മുനയൊടിക്കുന്ന തരത്തിലാണ് മുതിർന്ന നേതാക്കൾക്കെതിരെയെല്ലാം അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ വിജിലൻസ്, ക്രിമിനൽ അന്വേഷണങ്ങളെ ഒരുമിച്ച് നേരിടേണ്ട സാഹചര്യം. അന്വേഷണം എന്നു തീരുമെന്നും ഉറപ്പില്ല. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും സോളർ ചർച്ചയാകുമെന്നു ചുരുക്കം. കമ്മിഷനെ തള്ളിപ്പറയാനും കഴിയില്ല.
പുനസംഘടനാ നടപടികൾ പുരോഗമിക്കുന്നതിനിടയിലുണ്ടായ ഈ സംഭവവികാസങ്ങൾക്ക് കോൺഗ്രസിനെ സംബന്ധിച്ചും പ്രാധാന്യമേറെ. ഐ വിഭാഗത്തിൽപ്പെടുന്നവർ ഉണ്ടെങ്കിലും എ ഗ്രൂപ്പിന്റെ കമാൻഡർ ഉമ്മൻ ചാണ്ടി തന്നെ വിജിലൻസ്, ലൈംഗികപീഡനക്കേസുകൾ നേരിടുമ്പോൾ എ ഗ്രൂപ്പ് പതറും. നേതൃപദവികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള ഉമ്മൻചാണ്ടിയുടെ തീരുമാനത്തിന് ഇനി ഉടനെങ്ങും മാറ്റം പ്രതീക്ഷിക്കാനാവില്ല. സോളർ വിഷയത്തിൽ കേരളത്തിലെ കാര്യങ്ങൾ ശരിയായ ദിശയിലായിരുന്നില്ല എന്ന ഹൈക്കമാൻഡ് വിലയിരുത്തലും ഗ്രൂപ്പുകൾക്ക് ക്ഷീണമാകും.