ഉത്തരേന്ത്യ കേന്ദ്രീകരിച്ച് കേരളത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം. കേരളത്തിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന ബംഗാളികൾ വ്യാപകമായി ആക്രമണത്തിന് ഇരവായാവുന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതോടെ രണ്ടു ദിവസത്തിനുള്ളിൽ കോഴിക്കോട് നഗരത്തിൽ നിന്നും നാനൂറിലധികം ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ഉപേക്ഷിച്ച് നാടുകളിലേക്ക് മടങ്ങി.
കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടൽ ഉടമ പശ്ചിമബംഗാൾ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്ന ശബ്ദ സന്ദേശമാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് പ്രചാരണം. ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളുടേതടക്കമുള്ള ഫോട്ടോകൾ ഉപയോഗിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയില്‍ ഭീതി പരത്തുന്നത്. വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് ഇതര സംസ്ഥാന തൊഴിലാളികളും സമ്മതിക്കുന്നു.
ഇതോടെ കോഴിക്കോട് നഗരത്തിൽ രണ്ടുദിവസത്തിനുള്ളിൽ രണ്ട് ഹോട്ടലുകൾക്ക് പൂട്ടുവീണു. വ്യാജ പ്രചാരണത്തിനെതിരെ ജില്ല കലക്ടർക്കും സിറ്റി പൊലീസ് കമ്മീഷണർക്കും ഹോട്ടലുടമകൾ പരാതി നൽകിയിട്ടുണ്ട്.