ആലുവ മുട്ടത്ത് ദേശീയപാതയില്‍ ടാങ്കർ ലോറിയിടിച്ച് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് റോഡിൽ ഡിവൈഡർ സ്ഥാപിക്കുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഒരാളുടെ നില അതീവഗുരുതമായി തുടരുന്നു.
ദേശീയപാതയിൽ മുട്ടം തൈക്കാവ് പള്ളിക്ക് മുൻപിൽ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. മെട്രോനിർമാണത്തിനായി ഗതാഗതം തിരിച്ചുവിടുന്നതിന് റോഡിൽ ഡിവൈഡർ സ്ഥാപിക്കുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്കാണ് ടാങ്കർ ലോറി പാഞ്ഞുകയറിയത്. ഉത്തർപ്രദേശിൽ നിന്നുള്ള ബബുലു മാഷിഷ്, സൂര്യകാന്ത്, ഉമേഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയായ ഇന്ദ്രദേവ് അതീവഗുരുതരാവസ്ഥയിൽ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സൂര്യകാന്തും ബബുലുവും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവരും പത്ത് മീറ്ററോളം ദുരേയ്ക്ക് തെറിച്ചുപോയി. അമിത വേഗതയിലായിരുന്ന ലോറി അപകടത്തിന് ശേഷം നിർത്താതെ പോയി. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ലോറി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൂന്ന് പേരുടേയും മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.