ബിസിനസ് സംരംഭങ്ങൾക്കും ബിസിനസുകാർക്കും വെരിഫൈഡ് പ്രൊഫൈലും പ്രീമിയം സേവനങ്ങളുമായി വാട്‍സാപ് ബിസിനസ് വരുന്നു. വരുമാനം ലക്ഷ്യമിട്ടുള്ള വാട്‍സാപ്പിന്റെ ആദ്യനീക്കമാണിത്. കോടിക്കണക്കിന് ഉപയോക്താക്കളുണ്ടെങ്കിലും വാട്‍സാപ്പിൽ നിന്ന് ഉടമസ്ഥരായ ഫെയ്സ്ബുക്കിന് അഞ്ചു പൈസ പോലും വരുമാനമായി ലഭിക്കുന്നില്ല. എന്നാൽ, വ്യക്തിഗത ഉപയോഗത്തിനപ്പുറത്തേക്ക് ബിസിനസ്, പ്രൊഫഷനൽ ആശയവിനിമയത്തിൽ വാട്‍സാപ് കാര്യമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ ആപ്പ് അവതരിപ്പിച്ച് വരുമാനമുണ്ടാക്കാൻ കമ്പനി ശ്രമിക്കുന്നത്.
നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് വാട്‍സാപ് ബിസിനസ്. ബീറ്റ ടെസ്റ്ററായി റജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഇൻവിറ്റേഷൻ വഴി മാത്രമേ അപ്പിൽ റജിസ്റ്റർ ചെയ്യാനാവൂ. വാട്‍സാപ് ബിസിനസ് ആപ്പിന്റെ എപികെ ഫയൽ മറ്റു വെബ്സൈറ്റുകൾ വഴി പ്രചാരത്തിലായിട്ടുണ്ടെങ്കിലും കമ്പനിയുടെ ക്ഷണം ലഭിക്കാത്ത നമ്പരുകൾക്ക് റജിസ്റ്റർ ചെയ്യാനാവില്ല. ഒരു മാസം മുൻപാണ് ബിസിനസിനു വേണ്ടി ഒരു വാട്‍സാപ് പതിപ്പ് അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചത്. തുടർന്ന് തിരഞ്ഞെടുത്തവർക്ക് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച ആപ്പിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള പ്രതികരണങ്ങൾ ആരായുകയാണ് കമ്പനി.
ബിസിനസ് പതിപ്പിൽ എന്തൊക്കെ ?
ബിസിനസ് പ്രൊഫൈൽ: ഫെയ്സ്ബുക്ക് പേജിന് തുല്യമായി കാണാം. പ്രൊഫൈൽ ചിത്രം, ബിസിനസ് വിലാസം, വെബ്സൈറ്റ് തുടങ്ങിയ വിവരങ്ങൾ ചേർക്കാം. ബിസിനസ് സെറ്റിങ്സ് ഓപ്ഷൻ വഴി ഓരോരുത്തർക്കും പ്രൊഫൈൽ വ്യക്തിഗതമാക്കാം.
വെരിഫൈഡ് ബട്ടൺ: ബിസിനസ് പ്രൊഫൈലിനൊപ്പം കാണുന്ന പച്ച നിറത്തിലുള്ള വെരിഫൈഡ് ബട്ടൺ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തും. നിങ്ങൾ സൃഷ്ടിച്ച പ്രൊഫൈലും അതിൽ പറയുന്ന ബിസിനസും യഥാർഥമാണെന്നും അതിൽ കൊടുത്തിരിക്കുന്ന നമ്പർ ആ ബിസിനസിന്റേതു തന്നെയാണെന്നും വാട്‍സാപ് സാക്ഷ്യപ്പെടുത്തുന്നതിന്റെ തെളിവാണ് വെരിഫൈഡ് ബട്ടൺ.
ചാറ്റ് മൈഗ്രേഷൻ: ബിസിനസ് പ്രൊഫൈലിലേക്കു മാറുന്നവർക്ക് തങ്ങളുടെ പഴയ വാട്‍സാപ്പിലെ ചാറ്റുകൾ വാട്‍ാപ് ബിസിനസിലേക്ക് മാറ്റാനുള്ള സംവിധാനം. റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ മൈഗ്രേറ്റ് ടൂൾ ഉപയോഗിച്ച് ഇതു ചെയ്യാം. വാട്‍സാപ് ബിസിനസിലേക്കു മാറുന്നവർ പഴയ വാട്‍സാപ് അൺഇൻസ്റ്റാൾ ചെയ്യണം.
ഓട്ടോ റെസ്പോൺസസ്: ജിമെയിലിലെ വെക്കേഷൻ റെസ്പോൺഡർ സംവിധാനത്തിനു തുല്യമാണിത്. വാട്‍സാപ് നോക്കാൻ സാധിക്കാത്ത സമയങ്ങളിൽ നേരത്തെ സെറ്റ് ചെയ്തു വയ്ക്കുന്ന മെസേജ്‍ ഓട്ടമാറ്റിക്കായി മെസേജുകൾക്കു മറുപടിയായി നൽകും. ഓട്ടോ റെസ്പോൺസ് ഓഫ് ചെയ്യുന്നതുവരെയോ നേരത്തെ സെറ്റ് ചെയ്തു വയ്ക്കുന്ന സമയക്രമത്തിൽ സ്ഥിരമായോ ഇതു തുടരും.
അനലിറ്റിക്സ്: ബിസിനസ് ആപ് വഴിയുള്ള ആശയവിനിമയത്തിന്റെ കണക്കുപുസ്തകമാണിത്. ആകെ അയച്ച മെസേജുകൾ, സ്വീകരിച്ചവ, ഡെലിവർ ചെയ്തവ, വായിച്ചവ എന്നിങ്ങനെ കണക്കുകൾ പരിശോധിക്കാം.
ബീറ്റ ടെസ്റ്റിങ് പൂർത്തിയാകുന്നതോടെ വാട്‍സാപ് ബിസിനസ് ഗൂഗിൾ പ്ലേ സ്റ്റോറിൽ എല്ലാവർക്കുമായി പ്രസിദ്ധീകരിക്കും. ഒരേ നമ്പരിൽ വാട്‍സാപ് ബിസിനസും വാട്‍സാപും ഉപയോഗിക്കാനാവില്ല. ഡ്യുവൽ സിം ഫോണാണെങ്കിൽ രണ്ട് ആപ്പും രണ്ട് നമ്പരിൽ ഒരേ ഫോണിൽ ഉപയോഗിക്കാം. ബിസിനസ് നമ്പർ ലാൻഡ്‍ലൈനാണെങ്കിൽ വാട്‍സാപ് ബിസിനസിന് അതുപയോഗിക്കാം.
നിങ്ങൾക്കുമാവാം ബീറ്റ ടെസ്റ്റർ
ആൻഡ്രോയ്ഡ് ആപ്പുകളുടെ ഏറ്റവും പുതിയ പതിപ്പുകൾ പരീക്ഷണാടിസ്ഥാനത്തിൽ സൗജന്യമായി ഉപയോഗിക്കാനുള്ള അവസരമാണ് ബീറ്റ ടെസ്റ്റർമാർക്ക് ലഭിക്കുന്നത്. പരീക്ഷണഘട്ടത്തിലായതിനാൽ ബഗ്ഗുകളുണ്ടാവും. ആപ്പ് ക്രാഷ് ആവാനും ഫ്രീസ് ആവാനുമൊക്കെ സാധ്യതയുണ്ടെന്നു ചുരുക്കം. അത്തരം അവസരങ്ങളിൽ അത് ഡെവലപർക്കു റിപ്പോർട്ട് ചെയ്താൽ ആപ്പ് മെച്ചപ്പെടുത്താൻ സഹായകമാകും. ആപ്പിന്റെ റിവ്യൂ പേജിൽ നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കുകയുമാവാം. അതു തന്നെയാണ് ബീറ്റ ടെസ്റ്റിങ് കൊണ്ടുദ്ദേശിക്കുന്നത്. ഇതൊന്നും ചെയ്തില്ലെങ്കിലും ആപ്പ് ഉപയോഗിക്കാം.
ആപ്പിന്റെ പ്രവർത്തനത്തെപ്പറ്റിയുള്ള അനോണിമസ് റിപ്പോർട്ടുകൾ ഡെവലപർക്കു ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്പ് പേജിന്റെ ഏറ്റവും അടിയിൽ, ഡെവലപറെക്കുറിച്ചുള്ള വിരങ്ങൾക്കു തൊട്ടുമുകളിലാണ് ബീറ്റ ടെസ്റ്ററായി ജോയിൻ ചെയ്യാനുള്ള ലോഗിൻ കാർഡ്. ബീറ്റ ടെസ്റ്റിങ് ഇല്ലാത്ത ആപ്പുകൾക്ക് ഇതുണ്ടാവില്ല. ബീറ്റ ടെസ്റ്റ് കാർഡിൽ I’M IN ബട്ടണമർത്തി ജോയിൻ ചെയ്താൽ മാത്രമേ ആ ആപ്പിന്റെ ബീറ്റ പതിപ്പ് ലഭിക്കുകയുള്ളൂ. വേണ്ടെന്നു തോന്നിയാൽ ഇതേ കാർഡിൽ പോയി LEAVE ബട്ടണമർത്തി പുറത്തു കടക്കുകയുമാവാം.