വാട്സാപിൽ കൈവിട്ട മെസേജും വാവിട്ട വാകും ഒരുപോലെയാണെന്നാണ് ന്യൂജെൻമൊഴി. ഈ മൊഴി ഇനിമുതൽ തിരുത്താം. കാരണം വാട്സാപിൽ അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാനുള്ള ഫീച്ചർ യാഥാർഥ്യമായി. "ഡിലീറ്റ് ഫോര്‍ എവരിവണ്‍" എന്നറിയപ്പെടുന്ന ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളില്‍ റോൾ ഔട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. സന്ദേശം സ്വീകർത്താവ് വായിക്കുന്നതിന് മുമ്പ് തന്നെ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ അപ്ഡേറ്റ് ചെയ്താൽ ലഭിക്കുന്നതാണ്.WaBetaInfo എന്ന വാട്സാപ്പ് ഫാൻ സൈറ്റാണ് ഈ വാർത്ത പുറത്തുവിട്ടത്.
ഈ ഫീച്ചർ പ്രവർത്തിക്കണമെങ്കിൽ സന്ദേശം അയക്കുന്ന ആളും സ്വീകരിക്കുന്ന ആളും അപ്ഡേറ്റ് ചെയ്ത വാട്സാപ് വേർഷൻ ഉപയോഗിക്കണമെന്ന ന്യൂനത ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ഉപഭോക്താകൾക്ക് ആശ്വസം നൽകുന്ന ഒന്നാണ് ഇത്. അപ്ഡേറ്റിൽ ഇത്തരത്തിൽ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്നതിനായി പ്രത്യേക ഐക്കണ് വരുമെന്നും ഇവർ വ്യക്തമാക്കുന്നു. വ്യക്തികൾക്കോ ഗ്രൂപ്പുകളിലേക്കോ അയക്കുന്ന എല്ലാത്തരം മെസേജുകളും ഡിലീറ്റ് ചെയ്യാൻ സാധിക്കും. ഏഴ് മിനുട്ടുകൾക്കകം അയച്ചസന്ദേശം ഡിലീറ്റ് ചെയ്യണമെന്ന് മാത്രം. അയച്ച സന്ദേശം ഒരിക്കൽ ഡിലീറ്റ് ചെയ്തു കഴിഞ്ഞാൽ ദിസ് മെസേജ് വാസ് ഡിലീറ്റഡ് എന്നാകും സന്ദേശം ലഭിച്ചവരുടെ ചാറ്റ് ബോക്സിൽ കാണുക.
ഉദ്ധാരണികൾ (Quoted) സന്ദേശങ്ങൾ പക്ഷെ ഡിലീറ്റ് ചെയ്യാനാകില്ല. പഴയ വാട്സാപ് പതിപ്പുകളിൽ ഈ ഫീച്ചർ വരുമെങ്കിലും വളരെ പഴയവയിൽ ഉൾപ്പെടുത്തില്ല. 'വാട്സാപ്പ് ഫോര്‍ ബിസിനസ്' എന്നൊരു ഫീച്ചറും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. വളരെ ചുരുക്കം ക്ലൈന്റ്സില്‍ പരീക്ഷിച്ചുവരുന്ന ഈ ഫീച്ചര്‍ താമസിയാതെ മറ്റുള്ളവരിലേക്ക് എത്തുമെന്നാണ് വിവരം.