പൊലീസ് യൂണിഫോമിൽ തിരുവല്ല നഗരത്തില്‍ കറങ്ങിയ വിരുതൻ പൊലീസിന്റെ പിടിയില്‍. യൂണിഫോം ധരിച്ച് റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്ത തിരുവല്ല സ്വദേശി ടി.കെ ബിജുവാണ് പൊലീസിന്റെ പിടിയിലായത്. പൊലീസ് ജോലിയോടുള്ള ഇഷ്ടമാണ് പൊലീസ് യൂണിഫോമിട്ട് നടക്കുവാൻ കാരണമെന്ന് ബിജു പൊലീസിനോട് പറഞ്ഞു.
തിരുവല്ല പൊലീസ് നടത്തിയ പെട്രോളിങ്ങിനിടെയാണ് ഓതറ തൈമറവുംകര ഭാഗത്തുവെച്ച് യുണിഫോം ധാരിയായ പൊലീസുകാരനെ കണ്ടത്. സഹപ്രവർത്തകനോട് കുശലം പറയാൻ നിർത്തിയ തിരുവല്ല പൊലീസിനു ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടർന്ന് സ്റ്റേഷനിൽ വിളിച്ചുകൊണ്ടു പോയി കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പൊലീസ് വേഷത്തിൽ ഇങ്ങനെയുള്ള കറക്കം കോയിപ്രം സ്വദേശീയായ മുപ്പത്തിനാലുകാരൻ ടി.കെ ബിജുവിൻറെ സ്ഥിരം പണിയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് ,ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ബിജുവിനെതിരെ ചുമത്തിയിട്ടുണ്ട്. പൊലീസ് വേഷത്തിൽ വാഹന പരിശോധന ,ട്രെയിൻ യാത്ര എന്നിവ ഇയാൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
മറ്റെവിടെയെങ്കിലും പൊലീസ് വേഷത്തിൽ ബിജു തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.