തൃശൂര്‍ നഗരത്തിലെ റോഡുകളില്‍ മാഞ്ഞുപോയ സീബ്രാ ലൈന്‍ വരയ്ക്കാന്‍ പൊലീസ് പലതവണ പറഞ്ഞിട്ടും കോര്‍പറേഷന്‍ കേട്ടില്ലെന്ന് ആക്ഷേപം. കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായപ്പോള്‍ പൊലീസ്തന്നെ സീബ്രാ ലൈന്‍ വരയ്ക്കാന്‍ മുന്നിട്ടിറങ്ങി.
തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡ് സമീപത്തെ സീബ്രാ ലൈനിലൂടെ നടന്നു പോകുമ്പോഴാണ് എം.ബി.ബി.എസ്. വിദ്യാര്‍ഥി ബസിടിച്ച് മരിച്ചത്. വാഹനങ്ങള്‍ക്ക് സീബ്രാ ലൈന്‍ കാണാത്ത രീതിയില്‍ മാഞ്ഞു പോയിരുന്നു ഇവിടെ. കാല്‍നടയാത്രക്കാരുടെ സുരക്ഷ കൂടി ഉറപ്പാക്കാന്‍ റോഡില്‍ സീബ്രാ ലൈന്‍ വരയ്ക്കാന്‍ പൊലീസ് മെനക്കെട്ടത്. കോര്‍പറേഷന്‍ ഫണ്ട് അനുവദിക്കുന്നതും കാത്തിരുന്നാല്‍ ഇനിയും കാല്‍നടയാത്രക്കാരുടെ ജീവന്‍ പൊലീയും.
തൃശൂര്‍ സിറ്റി പൊലീസും കോര്‍പറേഷനും തമ്മിലുള്ള പിണക്കം ഇതാദ്യമല്ല. റോഡിലെ കുഴി നികത്താതിരുന്ന കോര്‍പറേഷനെ ഗൗനിക്കാതെ, ആളുകളെ കൂട്ടി കുഴിയടയ്ക്കാന്‍ പൊലീസ് ഇറങ്ങിയിട്ടുണ്ട്. സമാനമായ മാതൃകയിലാണ് റോഡിലെ സീബ്രാ ലൈന്‍ വരയ്ക്കാനും പൊലീസ്തന്നെ ഇറങ്ങിയത്.