കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിൽ നിന്ന് ചാടി പരുക്കേറ്റ് ചികിൽസയിലായിരുന്ന പത്താം ക്ളാസ് വിദ്യാർഥിനി ഗൗരി നേഘ മരിച്ചു. അധ്യാപികമാരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന പരാതിയുമായി മാതാപിതാക്കൾ. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തതോടെ രണ്ട് അധ്യാപികമാർ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു.
കൊല്ലം തെക്കേകച്ചേരി ട്രിനിറ്റി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥിയും രാമൻകുളങ്ങര കെ.പി.ഹൗസിൽ പ്രസന്നകുമാറിന്റെ മകളുമായ ഗൗരിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്കൂളിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ ഗൗരി തലച്ചോറിനും ആന്തരീകാവയങ്ങൾക്കുമടക്കം ഗുരുതര പരുക്കേറ്റ് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്ളാസിൽ സംസാരിച്ചതിന്റെ പേരിൽ ഇതേ സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്ഥിയായ സഹോദരിയെ ആൺകുട്ടികൾക്കൊപ്പമിരുത്തിയതിനെതിരെ ഗൗരിയും മാതാപിതാക്കളും പരാതി നൽകിയിരുന്നു. ഇതിനേതുടർന്ന് അധ്യാപികമാർ നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.
ഗുരുതര പരുക്കേറ്റ കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചിരുന്നത് സ്കൂൾ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ബിഷപ്പ് ബെൻസിഗർ ആശുപത്രിയിലാണ്. അവിടെ മൂന്ന് മണിക്കൂറോളം പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നും അപകടവിവരം ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചെന്നും പരാതിയുണ്ട്. അധ്യാപികമാരായ ക്രൈസൻ, സിന്ധു എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നെങ്കിലും ഇരുവരും ഒളിവിലാണ്. കുട്ടി മരിച്ചതോടെ കൂടുതൽ വകുപ്പുകൾ ചേർത്ത് കേസ് ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.