കെ.പി.സി.സി പട്ടികയെചൊല്ലി കോൺഗ്രസിൽ തര്‍ക്കം രൂക്ഷം. കൊല്ലത്തെ എഴുകോണ്‍ ബ്ലോക്കില്‍നിന്ന് എ.െഎ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥിന്റ പേര് ഒഴിവാക്കണമെന്ന് കോടിക്കുന്നില്‍ സുരേഷ് എം.പി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. എന്നാൽ ഒഴിവാക്കിയാൽ കടുത്തനിലപാടെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നൽകി. ഇതിനിടെ പുതുക്കിയ പട്ടികയ്ക്കെതിരെ കെ.മുരളീധരൻ എം.എൽ.എ ഹൈക്കമാൻഡിനെ സമീപിച്ചു.
കൊല്ലത്തെ എഴുകോൺ ബ്ലോക്കിൽ നിന്ന് പി.സി വിഷ്ണുനാഥിന്റ പേരാണ് ആദ്യപട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ വിഷ്ണുനാഥിനെ ഒഴിവാക്കി പകരം തന്റ നോമിനിയായ വെളിയം ശ്രീകുമാറിനെ ഉൾപ്പെടുത്തണമെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റ ആവശ്യം. പുതുക്കിയ പട്ടികയിലും വിഷ്ണുനാഥിന്റ പേര് കണ്ടതോടെ കൊടിക്കുന്നിൽ പരാതിയുമായി രാഹുൽഗാന്ധിയെ സമീപിച്ചു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങൾക്കെതിരെ കടുത്തവിമർശനം ഉന്നയിച്ചത്. എ.െഎ.സി.സി സെക്രട്ടറി കൂടിയായ വിഷ്ണുനാഥിനെ ഒഴിവാക്കുന്നത് എങ്ങനെയാണന്നാണ് ഗ്രൂപ്പ് നേതാക്കളുടെ ചോദ്യം. ഒഴിവാക്കിയാൽ കടുത്ത നിലപാടെടുക്കുമെന്നാണ് ഉമ്മൻചാണ്ടിയുടെ മുന്നറിയിപ്പ്. കൊല്ലം ഡി.സി.സി പ്രസിഡന്റായിരുന്നു വി. സത്യശീലനായിരുന്നു നേരത്തെ എഴുകോണിൽ നിന്നുള്ള കെ.പി.സി.സി അംഗം. അദ്ദേഹം മരിച്ച ഒഴിവിലാണ് വിഷ്ണുനാഥിനെ ഉൾപ്പെടുത്തിയത്. പട്ടിക പുതുക്കിയപ്പോൾ വട്ടിയൂർക്കാവിലെ ഉള്ളൂർ ബ്ലോക്കിൽ ശശിതരൂർ എം.പിയെ ഒഴിവാക്കി മണ്ഡലത്തിന് പുറത്തുള്ളയാളെ ഉൾപ്പെടുത്തിയതാണ് കെ. മുരളീധരന്റ അനിഷ്ടത്തിന് കാരണം. ഗ്രൂപ്പ് വീതം വയ്പ് നടന്നതിനാൽ രാഷ്ട്രീയ കാര്യസമിതി അംഗങ്ങളുമായി ചർച്ച ചെയ്ത് പുതിയ പട്ടിക തയാറാക്കാൻ നിർദേശം നൽകണമെന്നാണ് മുരളീധരന്റ ആവശ്യം. കൊല്ലത്തെ അഞ്ചാലുംമൂട് ബ്ലോക്കിൽ ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവിയെ ഉൾപ്പെടുത്താത്തതാണ് വി.എം സുധീരനെ ചൊടിപ്പിച്ചിരിക്കുന്നത്. ഡി.സി.സി ഭാരവാഹികളെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനം.