പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടം പൊയില്‍ പാര്‍ക്കില്‍ വീണ്ടും നിയമ ലംഘനം. പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെ അനുമതി ഇല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ മനോരമ ന്യൂസിന് ലഭിച്ചു. പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനുള്ള നിരാക്ഷേപ പത്രം നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് ഡിഎംഒ നല്‍കിയ മറുപടിയില്‍ പറയുന്നു.
ഹൈക്കോടതിയുടെ സ്റ്റേ ഒാര്‍ഡറിന്റെ ബലത്തിലാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടരുന്നത്. ഇതിനിടെയാണ് മറ്റൊരു നിയമ ലംഘനം കൂടി പുറത്തുവരുന്നത്. ആരോഗ്യവകുപ്പിന്റെ അനുമതിയ്ക്കായുള്ള അപേക്ഷ പോലും പാര്‍ക്കിന് വേണ്ടി സമര്‍പ്പിച്ചിട്ടില്ല. കോഴിക്കോട് ജില്ലാമെഡിക്കല്‍ ഒാഫീസര്‍ നല്‍കിയ വിവരാവകാശ പ്രാകാരമുള്ള മറുപടിയില്‍ ഇക്കാര്യം വ്യക്തമാണ്. തദേശസ്ഥാപനങ്ങളുടെ ഭക്ഷ്യസുരക്ഷ വിഭാഗം നല്‍കുന്ന സാനിറ്റേഷന്‍ അനുമതിയാണ് ആരോഗ്യവകുപ്പിന്റെതായി സമര്‍പ്പിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ അനുമതി വേണമോയെന്ന് അറിയില്ലെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റിന്‍റെ പ്രതികരണം.
മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉള്‍പ്പെടെ അനുമതിയില്ലാതെ ആയിരുന്നു പാര്‍ക്ക് നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.പാര്‍ക്കിലെ നിയമ ലംഘനങ്ങള്‍ വിവാദമായതോടെ പിവി അന്‍വര്‍ തിരുത്തല്‍ നടപടികള്‍ തുടങ്ങിയിരുന്നെങ്കിലും പൂര്‍ണമായും നിയമവിധേയമാക്കിയിട്ടില്ലെന്ന വസ്തതുതയാണ് പുതിയ തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ച പഞ്ചായത്ത് ഉപസമിതിയ്ക്ക് മുമ്പാകെ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ പിവി അന്‍വറിന് സാധിച്ചിരുന്നില്ല. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയ്ക്കായി അന്‍വര്‍ കോടതിയെ സമീപിച്ചതോടെ അനുമതി റദ്ദ് ചെയ്യുന്ന നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.