പി.വി.അൻവർ എം.എൽ.എ കക്കാടംപൊയിലിൽ നിർമിച്ച തടയണ പൊളിക്കാൻ ധാരണയായെങ്കിലും തടയണയുടെ ഭാഗമായി നിർമിച്ച റോപ് വേ പൊളിച്ചു മാറ്റുന്ന കാര്യത്തിൽ തീരുമാനമില്ല. പഞ്ചായത്തിന്റെ പോലും അനുമതിയില്ലാതെയാണ് റോപ്പ വേ ടവറുകൾ നിർമിച്ചത്. മനോരമ ന്യൂസ് അന്വേഷണം തുടരുന്നു.
തടയണ മാത്രമല്ല, തൊട്ടു ചേർന്ന് നിർമിച്ച റോപ് വേയും അനധികൃതമാണന്ന് കണ്ടെത്തിയിട്ടുണ്ട്. ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് റോപ് വേ ടവറുകളുടെ നിർമാണം പൂർത്തിയാക്കിയത്. 2015 ഓഗസ്റ്റിലെ മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെ തടയണ നിർമാണത്തിന് ജില്ലാ കലക്ടറായിരുന്ന ടി. ഭാസ്ക്കരൻ സ്റ്റാപ്പ് മെമ്മോ നൽകിയിരുന്നു.
എന്നാൽ തടയണ നിർമാണം നിർത്താനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്നാണ് റോപ് വേ നിർമാണം തുടങ്ങിയത്. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ കൂടി അനുമതി വാങ്ങിയില്ലെന്ന വിവാദം ഉയർന്ന ശേഷമാണ് നിർമാണാനുമതിക്കായി അപേക്ഷ സമർപ്പിച്ചത്. തടയണക്ക് കുറുകെ രണ്ടു മലകളുടെ മൂന്നു കരകളെ തമ്മിൽ ബന്ധിപ്പിച്ചാണ് റോപ് വേ നിർമാണം ഏതാണ്ട് പൂർത്തിയാക്കിയത്. അതീവ പരിസ്ഥിതി ലോല മേഖലയിലാണ് ടവറുകളിൽ റോപ് വേ നിർമാണം നടത്തിയിരിക്കുന്നത്.