pralayam-puzha

പാലക്കാട് ജില്ലയിലെ സൈലന്റ്്്വാലിയില്‍ നിന്ന് ഉത്ഭവിക്കുന്ന കുന്തിപ്പുഴ മുതല്‍ കോഴിക്കോടിനും മലപ്പുറത്തിനുമിടയില്‍ പരന്നൊഴുകുന്ന ചാലിയാറും കേരളത്തിലെ വന്‍നദികളായ പെരിയാറും ഭാരതപ്പുഴയും പമ്പയും വരെ ചെറുതും വലുതുമായ നാല്‍പ്പത്തിനാല് നദികളുടെ, അവയുടെ ചെറു കൈവഴികളുടെ, അരുവികളുടെ തോടുകളുടെ ബലത്തിലാണ് കേരളം ജലസമൃദ്ധമെന്ന് പറയുന്നത്. 

 

pamba-flood-1

ഇത്രയധികം ശുദ്ധജല ലഭ്യതയുള്ളതുകൊണ്ട് നമുക്ക് വെള്ളം വിലപിടിപ്പുള്ളതാണെന്ന വിചാരമില്ല. വെള്ളം പാഴാക്കുന്നത് മാത്രമല്ല, ജലസ്രോതസ്സുകളെ, കുളം മുതല്‍കടലുവരെ മലിനമാക്കുന്നതിനോ, അവ കൈയ്യേറി നികത്തുന്നതിനോ മടിയുമില്ല. കേരളമെന്നും ജലസമൃദ്ധമായി, സമശീതോഷ്ണ കാലാവസ്ഥയില്‍ തുടരുമെന്ന ഉറപ്പോടെയാണ് എല്ലാ മുന്നറിയിപ്പുകളെയും അവഗണിച്ചുകൊണ്ടുള്ള മലയാളിയുടെ പോക്ക്. ഈ മാനസികാവസ്ഥയെയാണ് ഈ പെരുമഴക്കാലം കടപുഴക്കിയത്. 

 

chalakudy-puzha

പുഴയെ മലിനമാക്കും, പുഴയോരവും പുഴയുടെ നടുവിലെ തുരുത്തും കൈയ്യേറും സകലമാലിന്യവും പുഴയിലേക്ക് തള്ളും, അനന്തമായി മണല്‍വാരും, പുഴയുടെ രൂപവും ഭവവും മാറ്റും. ഇതൊന്നും നന്നല്ല, അപകടകരമാണ് ഇത്തരം പ്രവൃത്തികള്‍ , പുഴകളെയും ജലാശയങ്ങളെയും സംരക്ഷിച്ചേ മതിയാകൂ എന്ന് പറയുന്നവരെ എതിര്‍ക്കും, പുഛിക്കും വായടപ്പിക്കും. ഇങ്ങനെ നമ്മുടെ സകല പീഡനവും ഏറ്റുവാങ്ങിയ പുഴകള്‍ ഇത്തവണ ഒരുപാഠം ഒാര്‍മ്മിപ്പിച്ചു. വെള്ളമില്ലാതെ, മണല്‍ല്‍നഷ്ടപ്പെട്ട, മെലിഞ്ഞില്ലാതായ തോടുകളല്ല ഞങ്ങളെന്ന് പുഴകൊളൊന്നാകെ പറയുമ്പോലെയായിരുന്നു ഭാവമാറ്റം. സംഹാരരൂപം  കൈക്കൊണ്ട് എല്ലാം ഒഴുക്കിക്കൊണ്ടുപോകാന്‍ കെല്‍പ്പുള്ളവരായി കേരളത്തിലെ നദികള്‍. വന്‍മഴയും സംഭരണികള്‍ തുറന്നുവിട്ടതും മാത്രമാണോ പ്രളയത്തിന് വളിവെച്ചത്? അത് പ്രധാനകാരണങ്ങളാണ് പക്ഷെ ഒഴുകാന്‍ വഴിനഷ്ടപ്പെട്ട , കൈയ്യേറ്റത്തില്‍ രൂപംപോലും മാറിയ കേരളത്തിലെ പുഴകള്‍ പറയാന്‍ശ്രമിക്കുന്നത്  കേള്‍ട്ടേ മതിയാകൂ . 

 

വൃഷ്ടിപ്രദേശത്തെ വനമാണ് പുഴയുടെ ജനനസ്ഥലം. അത് എത്രകണ്ട് സംരക്ഷിക്കപ്പെടുന്നോ അത്രക്കും ജലസമൃദ്ധമായിരിക്കും ആപുഴ. കാട് കൈയ്യേറുന്നതും വനഭൂമിസ്വന്തമാക്കുന്നതും ജന്‍മാവകാശവും വിശുദ്ധപ്രവര്‍ത്തനവുമായി കാണുന്നവര്‍ നിയന്ത്രിക്കുന്ന നാട്ടില്‍ പുഴപിറക്കുന്നതേ മരണക്കിടക്കയിലേക്കാണ്. പശ്ചിമഘട്ടത്തിലെ താഴ്ന്ന മലമ്പ്രദേശങ്ങളിലൂടെയും ഇടനാടന്‍കുന്നുകളിലൂടെയും ഒഴുകുമ്പോള്‍, ചുറ്റുമുള്ള ഭൂവിനിയോഗം അപ്പാടെ മാറുന്നു, മനുഷ്യന്റെ ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാകുന്നു മുന്‍ഗണന. 

പെരുംപ്രളയം വന്നവഴി: ആദ്യഭാഗം

ഈ പ്രദേശങ്ങളിലെതത്ുന്നതോടെ പുഴയെഎല്ലാവരും മറക്കും. ജനസാന്ദ്രതകൂടും തോറും പുഴ കൂടുതല്‍ഭീഷണിയിലാകുന്നു. എന്തിനും ഒരുപരിധിയുണ്ട്, ഈ അവഗണനക്കുപോലും.  പക്ഷെ ചെറുതോണിപോലൊരു വന്‍ അണക്കെട്ടിന് താഴെ പെരിയാറിന്‍റെ ഭാഗംതന്നെ കൈയ്യേറി ബസ്റ്റാന്‍റ് പണിയുന്നതിനെ, പുഴക്ക് നടുവില്‍ റിസോര്‍ട്ട് ഉണ്ടാക്കുന്നതിനെ എന്ത് പേരുപറഞ്ഞാണ് വിളിക്കുക?

 

സമതലങ്ങളിലേക്കെത്തിയാല്‍പിന്നെ പുഴയപ്പാടെ നിലനില്‍പ്പിനായി പൊരുതുന്നത് കാണാം. സര്‍വ്വത്ര കൈയ്യേറ്റം, എല്ലാ ഒാടകളും പുഴയുടെ നെഞ്ചത്തേക്ക്. എല്ലാമാലിന്യവും പുഴയിലേക്കേ എറിയൂ, തോന്നുംപടി പുഴയോരം മതിലും പടവും പണിഞ്ഞ് സ്വന്തമാക്കും. സകലഹോട്ടലും റസ്റ്ററന്റും പുഴയോരത്ത് പണിഞ്ഞുയര്‍ത്തും. പുഴയെന്നാല്‍ സര്‍വ്വവിധേനയും നശിപ്പിക്കേണ്ട ഒന്നായിമാറും. ഒടുവിലത് പ്ളാസ്റ്റിക്കും ചപ്പും ചവറും ഡ്രൈനേജ് മാലിന്യവും വഹിക്കുന്ന ഒാടയായി അറബിക്കടലില്‍പതിക്കും.

ഇടുക്കി പത്തുദിവസം നമ്മെ പഠിപ്പിച്ച പേടിയുടെ പാഠം

പുഴയോരത്തെ കൃഷിക്കാരനോ, പുഴയില്‍നിന്ന് മീന്‍പിടിക്കുന്നവര്‍ക്കോ, കക്കവാരുന്നവര്‍ക്കോ പുഴയെക്കുറിച്ചൊന്നും പറയാനാവില്ല. അവര്‍ക്ക് പണമോ, സംഘടിത ശക്തിയോ സ്വന്തം മാഫിയാ സംഘങ്ങളോ ഇല്ല. പുഴയോരത്ത് ആകെ ശബ്ദവും ശക്തിയുമുള്ളവര്‍ മണല്‍മാഫിയയാണ്. കൈയ്യേറ്റക്കാര്‍പോലും മണല്‍ക്കൊള്ളക്കാര്‍ക്ക് മുന്നില്‍ നിഷ്പ്രഭം. ഭരണക്കാര്‍ ഇവര്‍ക്ക് മുന്നില്‍ വിനീതദാസന്‍മാരാകും. ഇവര്‍കേരളത്തിലെ പുഴകളില്‍ നിന്ന് നിയമവിരുദ്ധമായി മണല്‍കൊള്ളചെയ്തു, ഇനിയും ചെയ്യും,എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തും കൊല്ലും. ആരെയും പേടിക്കാതെ ഈ മാഫിയ കേരളത്തിലെ പുഴകളില്‍നീന്തി തുടിക്കുകയാണ്.  ഇവര്‍ക്ക് മുകളില്‍ ഇക്കണ്ടകാലത്തിനകം ആകെ ഉയര്‍ന്ന് പൊങ്ങിയത് കഴിഞ്ഞ ദിവസങ്ങളില്‍ ഒഴുകിയെത്തിയ പ്രളയജലം മാത്രമാണ്. 

 

ഇങ്ങനെ അകത്തും പുറത്തും ആക്രമിക്കപ്പെട്ട്, ഒരുസംരക്ഷണവും ഇല്ലാതെ സര്‍വനാശത്തിലേക്ക് പോകുന്ന പുഴകളാണ്, കഴിഞ്ഞ ഏതാനും ദിവസം ഞങ്ങള്‍ ഇവിടെ തന്നെയുണ്ട് എന്ന് ഭീഷണമായ സ്വരത്തില്‍കേരളത്തോട് പറഞ്ഞത്.  നിറഞ്ഞുകവിഞ്ഞും ചെളിയും മരവും പാറയും ഒഴുക്കിക്കൊണ്ടുവന്നും വന്നവഴിയുള്ളതെല്ലാം തകര്‍ത്തും , പല പുഴകളൊന്നായി ഒഴുകിയും ഗതിമാറി ഒഴികിയും കേരളത്തെ അക്ഷരാര്‍ഥത്തില്‍ പേടിപ്പിച്ചു, കുറേയേറെ സ്ഥലങ്ങളെ  വന്‍വെള്ളത്തില്‍ ഒഴുക്കിക്കൊണ്ടുപോയി. കുറേജീവനുകള്‍ പൊലിഞ്ഞു. 

നിരന്തര ഉരുള്‍പൊട്ടലുകള്‍: നമ്മള്‍ ഭൂമിയോട് ചെയ്തത്

പുഴ പറഞ്ഞത് ഇത്രയേ ഉള്ളൂ, പ്രകൃതിയെ അറിയുക, ഭൂമിയെ, വെള്ളത്തെ കാടിനെ അറിയുക, ഇവക്കൊപ്പം നിന്ന് ജീവിക്കാന്‍പഠിക്കുക. ഇല്ലെങ്കില്‍പെരുമഴയായും പ്രളയമായും ഉരുള്‍പൊട്ടലായും വരുന്നത് സര്‍വനാശമായിരിക്കും. ഒാരോ പുഴയെയും സംരക്ഷിക്കണം, അവക്ക് ഒഴുകാന്‍ ഇടം നല്‍കണം, തീരങ്ങള്‍ പുനസ്ഥാപിക്കണം, വെള്ളപ്പൊക്ക മാനേജ്മെന്റിന് വ്യക്തമായ വഴിയുണ്ടാകണം. ജലവിഭവവകുപ്പെന്നും ഭൂഗര്‍ഭജല വകുപ്പെന്നും മറ്റും പേരിട്ട് വിളിക്കുന്ന ഉപയോഗശൂന്യമായ , പഴഞ്ചന്‍സംവിധനങ്ങളെ വേണ്ടെന്നുവെക്കണം. 

 

പുഴയറിവുകളെ മലയാളി തിരിച്ചുപിടിക്കാത്തിടത്തോളം, പുഴകളോടുള്ള സ്നേഹം മടക്കിക്കൊണ്ടുവരാത്തോളം  ജീവദായനിയെ ബഹുമാനിക്കാത്തിടത്തോളം, പെരുംപ്രളയങ്ങള്‍ നമ്മെകാത്തിരിക്കും. കുന്തിയെ, ഗായത്രിയെ, തേജസ്വിനിയെ, പമ്പയെ, മീനച്ചലിനെ അങ്ങനെ അനേകം പുഴകള്‍കാത്തിരിക്കുകയാണ്, കരുതലും സംരക്ഷണവും. അതാവട്ടെ ഈ പ്രളയകാലം പഠിപ്പിക്കുന്ന പാഠം.

 

(തുടരും)