kuttanad-flood

കുട്ടനാട്ടിലെ മഹാപുനരധിവാസ ദൗത്യം പുരോഗമിക്കുമ്പോഴും വെള്ളക്കെട്ടിന് ശമനമില്ല. തോട്ടപ്പള്ളി സ്പില്‍വേ വഴിയുള്ള ഒഴുക്കിലെ കുറവാണ് കുട്ടനാട്ടിലെ വെള്ളമിറങ്ങാത്തതിന്‍റെ കാരണം. കടലിലേക്ക് തുറക്കുന്ന ചാലിലെ മണല്‍നീക്കി ആഴകൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ അവഗണിക്കുകയാണ്.

തോട്ടപ്പള്ളി സ്പില്‍വേയും അതിന് മുകളിലെ റോഡും, രണ്ടും ഇപ്പോള്‍ നിറഞ്ഞ സ്ഥിതിയിലാണ്. വെള്ളക്കെട്ടിന് നടുവില്‍കിടക്കുന്ന കുട്ടനാട്ടുകാരുടെ മനസില്‍ ആശങ്ക നിറയ്ക്കുന്നതില്‍ ഈ സ്പില്‍വേയ്ക്കും പങ്കുണ്ട്. പമ്പ, അച്ചന്‍കോവില്‍ , മണിമലയാര്‍ എന്നിവയിലൂടെ ഒഴുകിയെത്തുന്ന വെള്ളം കുട്ടനാടും കടന്ന് ക‌ടലില്‍ചേരുന്നത് തോട്ടപ്പള്ളിയിലൂടെയാണ്. നാല്‍പത്തിരണ്ട് ഷട്ടറുകളുള്ള സ്പില്‍വേ ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ തുറന്നു. ചാലിനും കടലിനുമിടക്കുണ്ടായിരുന്ന പൊഴി മുറിക്കുകയും ചെയ്തു. കാഴ്ചയില്‍ പരന്നൊഴുകി കടലിലേക്ക് ചേരുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം വളരെ വ്യത്യസ്തമാണ്.

ചാലിന്‍റെ ഇരുവശങ്ങളിലും രൂപപ്പെട്ട മണ്‍തിട്ടയും, സുനാമി സമയത്ത് വലിയതോതില്‍ സ്പില്‍വേയ്ക്ക് മുന്നിലായി ചാലിനുള്ളില്‍ അടിഞ്ഞുകൂടിയ മണലും നീക്കം ചെയ്യാതെ വെള്ളം കടലിലേക്ക് ഇറങ്ങില്ലെന്ന് വിദഗ്ധരും പറയുന്നു. ചാലിനുള്ളില്‍ ഇപ്പോള്‍ നടക്കുന്ന ഡ്രജിങ് ജോലികള്‍ തട്ടിക്കൂട്ടാണെന്നും നാട്ടുകാര്‍ പറയുന്നു.