യാക്കോബായ സഭയുടെ അധ്യക്ഷ പദം ഒഴിയാന്‍ തയാറെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കത്തയച്ചു. യാക്കോബായ സഭാ ഭരണസമിതിയുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് കാതോലിക്കാ ബാവ സ്ഥാനമൊഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.
യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, അൽമയ ട്രസ്റ്റി സി.കെ.ഷാജി എന്നിവർ തന്നെ അവഹേളിക്കുകയും തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുവെന്ന് പാത്രിയാർക്കീസ് ബാവയ്ക്ക് അയച്ച കത്തിൽ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ചൂണ്ടിക്കാട്ടുന്നു. സഭയിൽ വിഭാഗീയത ഏറ്റവും മോശമായ തലത്തിലാണ്. സഭാ ഭരണസമിതി ചേരാൻ പോലും സാധിക്കുന്നില്ല. സഭയുടെ ഭരണം നടത്തിക്കൊണ്ട് പോകാനാകുന്നില്ല. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് വേദനയുണ്ടാക്കുന്നുവെന്നും കാതോലിക്കാ ബാവ പറയുന്നു. ഈ സാഹചര്യത്തിൽ കാതോലിക്കാ ബാവ, മെത്രാപ്പൊലീത്തൻ ട്രസ്റ്റി പദവികളിൽ നിന്ന് ഒഴിയാൻ അനുവദിക്കണമെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ആവശ്യം. അങ്കമാലി ഭദ്രാസനാധിപനായി തുടരാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാത്രിയാര്‍ക്കീസ് ബാവ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കാതോലിക്കാ ബാവയുടെ പുതിയ നീക്കം. മെയ് 24നാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പാത്രിയാക്കീസ് മാര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ കേരളത്തിലെത്തുക.