മഹാപ്രളയത്തിന്റെ ഒന്നാം വാർഷികദിനത്തിൽ കേരളത്തെ വീണ്ടും നടുക്കി പേമാരിയും ചുഴലിക്കാറ്റും മണ്ണിടിച്ചിലും മിന്നൽ പ്രളയവും. ഏഴു ജില്ലകളിൽ ഇന്നലെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടായി. 7 ജില്ലകളിലായി 11 പേർ മരിച്ചു. 12 പേർക്കു പരുക്കേറ്റു. ഇടുക്കി, വയനാട് ജില്ലകളിൽ 3 പേർ വീതവും കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരാൾ വീതവുമാണു മരിച്ചത്.
വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായി. ഇവിടെ നാൽപതോളം പേർ മണ്ണിനടിയിൽ കുടുങ്ങിയെന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ട് പാർപ്പിടകേന്ദ്രങ്ങൾ, ഏതാനും വീടുകൾ, മദ്രസ, ക്ഷേത്രം, ചായക്കട, ഹോട്ടൽ എന്നിവ പൂർണമായി മണ്ണിനടിയിലായി. ദുരന്തസമയത്ത് പാർപ്പിട കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും ആളുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കൽപറ്റയിൽ നിന്ന് 20 കിലോമീറ്റർ അകലെ പ്ലാന്റേഷൻ ഗ്രാമമായ പുത്തുമലയിൽ 60 കുടുംബങ്ങളാണ് താമസം. 30 വർഷം മുൻപും ഇവിടെ ഇതുപോലെ ഉരുൾപൊട്ടിയിരുന്നു.
മലപ്പുറം എടക്കര വഴിക്കടവിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞു 2 പേരെ കാണാതായി. നാടുകാണി ചുരത്തിൽ ഒട്ടേറെപ്പേർ കുടുങ്ങിയിരിക്കയാണ്. സംസ്ഥാനത്താകെ 13,000 പേരെ 177 ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. ഇതിൽ 8860 പേർ വയനാട് ജില്ലയിലാണ്. 38 വീടുകൾ പൂർണമായും 1009 വീടുകൾ ഭാഗികമായും തകർന്നു.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും അതിതീവ്രമഴ സാധ്യത (റെഡ് അലർട്ട്); വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ മുന്നറിയിപ്പുമുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യത (ഓറഞ്ച് അലർട്ട്). നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,
കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. കടലിൽ പോകരുതെന്നു മൽസ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകി. കൊല്ലവും തിരുവനന്തപുരവും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര ജല കമ്മിഷൻ പ്രളയ സാധ്യതാ മുന്നറിയിപ്പു നൽകി. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണു വ്യാപകനാശം.
കഴിഞ്ഞ വർഷം ഇതേ ദിവസം
തിരുവനന്തപുരം ∙ കഴിഞ്ഞ വർഷവും ഓഗസ്റ്റ് 8 മുതലാണ് മലപ്പുറവും വയനാടും ഉൾപ്പെടെ വടക്കൻ ജില്ലകളിൽ അതിതീവ്രമഴയും ഉരുൾപൊട്ടലുമുണ്ടായത്. പിന്നീട് മഴയും പ്രളയവും തെക്കൻ കേരളത്തിലേക്കുമെത്തി. ഒഡീഷ തീരത്തു രൂപം കൊണ്ട ന്യൂനമർദവും അറബിക്കടലിൽ നിന്നു കേരളതീരത്തേക്കു വീശുന്ന മൺസൂൺ കാറ്റുമാണ് ഇത്തവണ അതിതീവ്ര മഴയ്ക്കു വഴിയൊരുക്കിയത്. രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഹെൽപ് ലൈൻ - 1070, 1077
സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ: 9446 568 222. സംസ്ഥാന ടോൾഫ്രീ നമ്പർ: 1070. ജില്ലാ ടോൾഫ്രീ നമ്പർ: 1077. സംസ്ഥാന കൺട്രോൾ റൂം: 0471 2331639, 2333198.
പരീക്ഷകൾ മാറ്റി
∙പിഎസ്‌സി ഇന്നു രാവിലെ 7.30 മുതൽ 9.15 വരെ നടത്താനിരുന്ന ജയിൽ വകുപ്പിലെ വെൽഫെയർ ഓഫിസർ ഗ്രേഡ് 2 തസ്തികയിലേക്കുളള ഒഎംആർ പരീക്ഷ ഈ മാസം 30 ലേക്കു മാറ്റി.
∙കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, ആരോഗ്യ സർവകലാശാലകൾ ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി. തിരുവനന്തപുരം , കൊല്ലം ഒഴികെയുള്ള ജില്ലകളിലെ ഇന്നത്തെ ഐടിഐ പരീക്ഷ മാറ്റി.