തിരുവനന്തപുരം : കോവിഡ് 19 പടർന്നതിനെ തുടർന്നുണ്ടായ യാത്രാപ്രശ്നങ്ങൾ മൂലം നാട്ടിലേക്കു വരാനാകാതെ ഇറ്റലിയിൽ കുടുങ്ങി പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന്റെ ഭാര്യയും. കോവിഡ് വ്യാപകമായതിനെ തുടർന്നു പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രമേയാവതരണത്തിനു ശേഷമാണു മുഹ്സിന്റെ ഭാര്യയും കാമറിനോ സർവകലാശാലയിൽ ഗവേഷകയുമായ ഷഫക് ഖാസിമിന്റെ കാര്യവും ചർച്ചയായത്.
എങ്ങനെയെങ്കിലും നാട്ടിലെത്താൻ കഴിഞ്ഞാൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാമെന്നു മന്ത്രി കെ.കെ ശൈലജ ഉറപ്പു നൽകി. ഭാര്യയെ നേരിട്ടു കാണണമെന്നു പട്ടാമ്പി അംഗത്തിന് ആഗ്രഹമുണ്ടെങ്കിലും വിഡിയോ കോളിലൂടെ മാത്രമേ കാണാൻ കഴിയൂ എന്നു പറഞ്ഞു വിഷയമുന്നയിച്ചതു മുഹ‍്സിന്റെ തൊട്ടടുത്ത സീറ്റിലിരുന്ന പി.സി. ജോർജാണ്. ഉത്തർപ്രദേശ് സ്വദേശിയാണു ഷഫക്. ഡൽഹിയിലെ ജാമിയ മിലിയയിൽനിന്ന് എംഫിൽ പൂർത്തിയാക്കിയ അവർ 2018 മുതൽ ഇറ്റലിയിലാണ്.
മടക്കം വൈകിയേക്കും: മുഹമ്മദ് മുഹ്‍സിൻ
‘‘അവൾക്കിനി ഉടൻ വരാൻ കഴിയുമെന്നു തോന്നുന്നില്ല. എയർ ഇന്ത്യ, അലിറ്റാലിയ ഫ്ലൈറ്റുകൾ മാത്രമാണ് ഇങ്ങോട്ടുള്ളത്. അതിൽ എയർ ഇന്ത്യയുടേതു മിക്കതും റദ്ദാക്കിക്കഴിഞ്ഞു. ടിക്കറ്റ് കിട്ടിയാൽ തന്നെ കോവിഡ് ഉണ്ടോയെന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് നൽകാനുള്ള സംവിധാനം ഇറ്റലിയിൽ വിരളമാണ്. പല ആശുപത്രികളിലും അവളും സുഹൃത്തുക്കളും വിളിച്ചെങ്കിലും ഫലമുണ്ടായില്ല.
ബുധനാഴ്ചയോടെ ഇറ്റലി പൂർണമായി സ്തംഭനാവസ്ഥയിലായി. ആരും പുറത്തിറങ്ങുന്നില്ല. ഇനി സർവകലാശാലയ്ക്കുള്ളിൽ പ്രവേശിക്കരുതെന്ന അറിയിപ്പ് ഇന്നലെ വന്നു. സർവകലാശാല നൽകിയ അപ്പാർട്ട്മെന്റിലാണു താമസം. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങി വച്ചിട്ടുണ്ട്. കടകൾ ഏതു സമയവും അടച്ചേക്കും. ഷഫക്കിനു ഫെലോഷിപ്പുള്ളതു കൊണ്ടു പ്രശ്നമില്ല. പലരും സ്വകാര്യ അപാർട്ട്മെന്റ് എടുത്തു താമസിക്കുകയാണ്. സൂപ്പർ മാർക്കറ്റുകളിലും മറ്റും പാർട്ട് ടൈം ജോലി ചെയ്താണു ചെലവിനുള്ള പണം കണ്ടെത്തുന്നത്. കടകൾ അടച്ചു പൂട്ടുന്നതോടെ ഇവരുടെ കാര്യം എന്താകുമെന്നു ചിന്തിക്കാൻ പോലും വയ്യ.
രണ്ടാഴ്ച മുൻപ് യാത്രാനിരോധനം വരുന്നതിനു മുൻപ് ഇന്ത്യക്കാർക്ക് ഇങ്ങോട്ടു വരാൻ കഴിയുമായിരുന്നു. റോമിലെ വിമാനത്താവളം വരെ എത്തണമെങ്കിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കണമായിരുന്നു. ആ യാത്രയിൽ രോഗം പിടിപെടാനുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ട് ഇന്ത്യക്കാർക്കായി പ്രത്യേക ഗതാഗത സൗകര്യം ഒരുക്കണമെന്ന് ഞാനുൾപ്പെടെ പലരും എംബസിക്കു കത്തയിച്ചിട്ടും അവർ തിരിഞ്ഞുനോക്കിയില്ല.’’