കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. ആവശ്യമെങ്കില്‍ സെന്‍ട്രല്‍ മല്‍സ്യമാര്‍ക്കറ്റ് അടച്ചിടും. കോവിഡ് രോഗവ്യാപനം തടയുന്നതിനായി വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു
വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ മാത്രം ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കോവിഡ് രോഗികളാണുള്ളത്. ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന മേയറുടെ മുന്നറിയിപ്പ്
കല്ലായിയിലെ യുവതി, വലിയങ്ങാടിയിലെ വ്യാപാരിയുടെ മകന്‍, ആത്മഹത്യ ചെയ്ത കൃഷ്ണന്‍ എന്നിവര്‍ക്കാണ് രോഗം എവിടെ നിന്നെന്ന് കണ്ടെത്താന്‍ കഴിയാത്തത്. നിലവില്‍ വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും നിയന്ത്രണങ്ങള്‍ ഉണ്ട്. സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ രണ്ടു ഷിഫ്റ്റുകളിലായി 15 ലോറികള്‍ മാത്രമാണ് പ്രവേശിപ്പിക്കുക. ഇതിലധികം വന്നാല്‍ പൊലിസ് നടപടിയുണ്ടാകുമെന്നും മേയര്‍ മുന്നറിയിപ്പ് നല്‍കുന്നു