സ്വന്തം പാര്‍ട്ടിയിലെ അധികാര വടംവലിയുടെ ഇരയായി സജീവരാഷ്ട്രീയം ഉപേക്ഷിച്ച ഒരു മുന്‍ മുഖ്യമന്ത്രിയുണ്ട് കേരള രാഷ്ട്രീയത്തില്‍. മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ ആര്‍.ശങ്കര്‍.. അദ്ദേഹത്തിന്‍റെ രാഷ്ട്രീയപതനത്തിന്‍റെ കഥ കാണാം.
1962, കോണ്‍ഗ്രസും പിഎസ്പിയും മുസ്‍ലിം ലീഗും ചേര്‍ന്ന ത്രികക്ഷി മുന്നണി കേരളം ഭരിക്കുന്നകാലം, മുഖ്യമന്ത്രി പട്ടം താണുപിള്ളയ്ക്ക് ഡല്‍ഹിയില്‍ നിന്ന് വിളിയെത്തി. പഞ്ചാബ് ഗവര്‍ണറായി പുതിയ ദൗത്യം ഏല്‍പ്പിക്കപ്പെട്ടു. ഉപമുഖ്യമന്ത്രിയായിരുന്ന ആര്‍.ശങ്കര്‍ അതോടെ, ഐക്യകേരളത്തിന്‍റെ മൂന്നാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അതുവരെ കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ചു നിന്നിരുന്ന ആര്‍. ശങ്കറിന് കഷ്ടകാലം അവിടെ തുടങ്ങി.. കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം മൂത്തു. ശങ്കറും ആഭ്യന്തരമന്ത്രി ചാക്കോയും ഒരു പക്ഷം, കോൺഗ്രസിന്റെ മലബാർ വിഭാഗം മറു പക്ഷം, ചേരിപ്പോര് തകൃതി. കോണ്‍ഗ്രസ് മന്ത്രിസഭക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഉയര്‍ന്നു അഴിമതി ആരോപണം.
മരുമകന് വഴിവിട്ട സഹായങ്ങൾ ചെയ്തു കൊടുത്തു എന്നടക്കം ശങ്കറിനെതിരെ നിരവധി ആരോപണങ്ങള്‍. വ്യവസായിയില് നിന്ന് ഭാര്യക്കായി വൈരമാല കൈപ്പറ്റി എന്ന് മന്ത്രി ദാമോദര മേനോനെതിരെയും ആരോപണം.
ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് കാര്യമായ പണിയെടുക്കേണ്ടി വന്നില്ല. പാളയത്തിലെ പടവെട്ടില്‍ ശങ്കര്‍ സര്‍ക്കാര്‍ കുലുങ്ങി. എന്നാല്‍, പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്, മന്ത്രിസഭാംഗം പി.ടി.ചോക്കോയ്ക്കെതിരെ ഒരു സ്ത്രീയുടെ പേരിലുയര്‍ന്ന ആരോപണവും തുടര്‍ന്നുള്ള ചാക്കോയുടെ രാജിയുമായിരുന്നു
പ്രിയ സുഹൃത്തായ ശങ്കറും തന്നെ കൈവിട്ടതോടെ ചാക്കോ ശങ്കര്‍ വിരുദ്ധനായി. ചാക്കോ പക്ഷക്കാരായ 15 കോണ്‍ഗ്രസ് എംഎല്‍മാരുടെ രാജിയാണ് പിന്നീട് കണ്ടത്. അതോടെ പ്രതിപക്ഷം കളത്തിലിറങ്ങി. അവിശ്വാസ പ്രമേയം കൊണ്ടുവന്നു. 50 നെതിരെ 73 വോട്ടിനത് പാസായി
അങ്ങനെ, കാലാവധി തികയ്ക്കാൻ അഞ്ചുമാസം ബാക്കി ഉള്ളപ്പോൾ ശങ്കർ മന്ത്രിസഭ വീണു. ഒരു ഈഴവ സ്ത്രീയുടെ മകനായി ജനിച്ചത് കൊണ്ടാണ് സ്ഥാനം നഷ്ടമായതെന്ന് പരിതപിച്ച ആര്‍.ശങ്കര്‍ മരണം വരെ ആ ദുഖം പേറി ജീവിച്ചതാണ് ചരിത്രം. ശങ്കറിനെ വീഴിത്തിയെങ്കിലും പി.ടി.ചാക്കോയും പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. അതിന് കാരണമായ പീച്ചി സംഭവത്തെ കുറിച്ച് വിശദമായി കാണാം തുടര്‍ പതിപ്പുകളില്‍..