മഴക്കെടുതിയിൽ പൊറുതിമുട്ടി ആലപ്പുഴ. കുട്ടനാട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ കൂടുതൽ വീടുകളിൽ വെള്ളംകയറി. കടലാക്രമണം രൂക്ഷമായ തീരമേഖലയിലും ജനജീവിതം ദുസഹമാണ്. ജില്ലയിൽ 350 ലേറെപേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. വിഡിയോ സ്റ്റോറി കാണാം.
പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മടവീണും പുറംബണ്ടിലൂടെ വെള്ളം കവിഞ്ഞൊഴുകിയുമാണ് പാടങ്ങൾ വെള്ളത്തിലായത്, ഇതുവഴി നൂറുകണക്കിന് വീടുകളിലും വെള്ളം കയറി. കൈനകരിയിൽ ഒരു പാടത്ത് കൂടി മടവീഴ്ചയുണ്ടായി. ആലപ്പുഴ-ചങ്ങനാശേരി റോഡിലും വെള്ളം കയറി. ദുരിത മേഖലയിൽ നിയുക്ത എംഎൽഎ തോമസ് കെ. തോമസ് എത്തി.
കടലാക്രമണം ഉണ്ടായ ഭാഗങ്ങളെല്ലാം ജനപ്രതിനിധികൾ സന്ദർശിച്ചു. രമേശ് ചെന്നിത്തല, പി. പി. ചിത്തരഞ്ജൻ, എച്ച്. സലാം, പി. പ്രസാദ് എന്നീ നിയുക്ത എംഎൽഎമാർക്ക് പുറമെ എ. എം. ആരിഫ് എംപിയും ജനങ്ങളെ സമാശ്വസിപ്പിച്ചു. പ്രകൃതിക്ഷോഭത്തിൽ ജില്ലയിൽ 22 വീടുകൾ പൂർണമായും 586 വീടുകൾക്ക് ഭാഗികമായും നാശമുണ്ടായി. 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 122 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്