വടക്കഞ്ചേരിയിലെ ബസ് അപകടത്തില്‍ പൊലിഞ്ഞ ഉറ്റ സുഹൃത്തുക്കളുടെയും അധ്യാപകന്റെയും ഓര്‍മകളില്‍ േവദനിക്കുന്ന എറണാകുളം മുളന്തുരുത്തി ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളിലെ കുട്ടികള്‍ക്ക് സാന്ത്വനമേകാന്‍ ഒരു അതിഥിയെത്തി. പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഗോപിനാഥ് മുതുകാട്.
കണ്ണീരിന്റെ കയത്തില്‍ നിന്ന് തിരിച്ചുകയറാനുള്ള ഊര്‍ജം പകരുന്നതായിരുന്നു കുട്ടികളോടുള്ള മുതുകാടിന്റെ ഓരോ വാക്കുകളും.
ഉല്ലസിച്ച് തുടങ്ങിയ യാത്ര കണ്ണീരോടെ മടങ്ങി വന്നവരാണ് ഈ കുട്ടികള്‍.. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് ഗോപിനാഥ് മുതുകാട് നല്‍കിയത് സ്നേഹവാല്‍സല്യം നിറഞ്ഞ ചേര്‍ത്തുപിടിക്കല്‍.. തന്റെ ജീവിതത്തിലെ തിരിച്ചടികള്‍ മൂന്നോട്ടുള്ള ഊര്ജമാക്കിയതിന്റെ കഥയായിരുന്നു മുതുകാടിന് പറയാനുണ്ടായിരുന്നത്. പിന്നെ കുട്ടികള്‍ക്കായി മുതുകാടിന്റെ മാജിക്. ദുരന്തത്തിന്റെ ആഘാതത്തിനിടയിലും കുട്ടികളുടെ പ്രതികരണം ഞെട്ടിച്ചുവെന്ന് ഗോപിനാഥ് മുതുകാട്. മലയാള മനോരമ നല്ല പാഠത്തിന്റെ ഭാഗമായാണ് കുട്ടികളോട് സംവദിക്കാന്‍ ഗോപിനാഥ് മുതുകാട് ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ എത്തിയത്. ഏറെ നേരം സംസാരിച്ച അദ്ദേഹം കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സന്തോഷം പങ്കിട്ടു.