vaikom

ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്ന സഹകരണ ബാങ്ക് ജീവനക്കാർക്കുള്ള ഒരു വർഷത്തെ ഇൻസെന്റീവ് നൽകാതെ സർക്കാർ .   സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ചെയ്യുന്നതിന് ബാങ്കുകൾക്ക് നൽകേണ്ട തുക സർക്കാർ നൽകാത്തതാണ്  ഇൻസന്റീവ് മുടങ്ങാൻ കാരണം. സർക്കാർ അവഗണനയ്ക്കെതിരെ  വൈക്കത്ത് ഇടത് സംഘടനയായ AITUC പ്രതിഷേധ സമരം നടത്തി.

 

 സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് പുറമെ കോവിഡ്ക്കാലത്തെ പ്രത്യേക സഹായങ്ങളും ഈ ജീവനക്കാർ വഴിയാണ് സർക്കാർ എത്തിച്ചു നൽകിയത്.എന്നാൽ സർക്കാരിന് ഏറെ ഗുണം ചെയ്ത പദ്ധതികൾക്കുവേണ്ടി പ്രവർത്തിച്ച ജീവനക്കാർക്ക് അർഹതപ്പെട്ട  ആനുകൂല്യങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല.സംസ്ഥാനത്തെ 1662 സഹകരണ ബാങ്കുകളിലെ കലക്ഷൻ ഏജന്റുമാർക്കും അപ്രൈസർമാർക്കുമാണ്‌ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ എത്തിച്ചു നൽകുന്നതിനുള്ളചുമതല.ഒരാൾക്ക് പെൻഷൻ തുക എത്തിച്ചുനൽകുന്നതിന് 50 രൂപയാണ് ബാങ്കിന് സർക്കാർ നൽകേണ്ടത്.   ഇതിൽ 40 രൂപ വിതരണം ചെയ്യുന്ന ജീവനക്കാരനും 4രൂപ അനുബന്ധ ജോലി ചെയ്യുന്നവർക്കും 6 രൂപ ബാങ്കിനുമാണ് കിട്ടേണ്ടത്.. ലക്ഷങ്ങൾ വരുന്ന ഈ തുക സർക്കാർ ഒരു വർഷമായി നൽകുന്നില്ലെന്നാണ് പരാതി..

 

ഒരു മാസത്തെ മാത്രം കണക്ക് പ്രകാരം  അരലക്ഷം മുതൽ ഒരു ലക്ഷം വരെയുള്ള തുകയാണ് ഇങ്ങനെ ഒരോ സഹകരണബാങ്കുകൾക്ക് കിട്ടാനുള്ളത്.പ്രശ്നം ഉടൻ പരിഹരിക്കുമെന്ന സഹകരണവകുപ്പ് മന്ത്രിയുടെ ഉറപ്പ് പാലിക്കാത്തതിനാൽ തുടർച്ചയായ സമരത്തിലേക്ക് നീങ്ങാനാണ് ഇടതുസംഘടനയുടെ തീരുമാനം.