സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള കെഎസ്ആർടിസി ഡിപ്പോയായതിന്റെ തലയെടുപ്പിലാണ് പത്തനംതിട്ട ഡിപ്പോ . ഡിപ്പോയിലെ പ്രതിമാസ വരുമാനം മൂന്നര കോടി രൂപയാണ്. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളുടെയും കഴിഞ്ഞ 6 മാസത്തെ പ്രവർത്തനം വിലയിരുത്തിയാണു ജില്ലയെ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്
60 ഷെഡ്യൂളിൽ നിന്നു പ്രതിദിനം 10 ലക്ഷം രൂപയാണ് ചീഫ് ഓഫിസ് നിർദേശിച്ച ടാർജറ്റ്. 11 മുതൽ 15 ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്. 25 സൂപ്പർ ക്ലാസ് സർവീസിൽ ഏറ്റവും കൂടുതൽ വരുമാനം കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റിനാണ്. കുറഞ്ഞത് 60,000 രൂപ ലഭിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള എല്ലാ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, സ്വിഫ്റ്റ് സർവീസുകളും ലാഭകരമാണ്. എല്ലാ സർവീസുകളും കൃത്യ സമയത്ത് അയക്കാൻ കഴിയുന്നതാണു നേട്ടമെന്ന് ഡി ടി ഒ പറഞ്ഞു.
പത്തനംതിട്ട തിരുനെല്ലി ക്ഷേത്രം ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങാൻ സിഎംഡി ബിജു പ്രഭാകർ നിർദേശിച്ചിട്ടുണ്ട്.അഞ്ചൽ മുണ്ടക്കയം ഓർഡിനറി ലിമിറ്റഡ് സ്റ്റോപ് ചെയിൻ സർവീസ് തുടങ്ങുന്നതിന് ആവശ്യമായ ബസുകൾ നൽകാമെന്ന ഉറപ്പ് ചീഫ് ഓഫിസിൽ നിന്നു ലഭിച്ചതായി ഡിടിഒ പറഞ്ഞു.