കോഴിക്കോട് ഒൻപതാം ക്ലാസുകാരിയെ ലഹരിക്കെണിയിൽ പെടുത്തിയവരില്‍ മൂന്നുപേര്‍ ലഹരിക്കേസുകളിലെ പ്രതികളെന്ന് പൊലീസ്. മറ്റ് വിദ്യാര്‍ഥിനികളെ ലഹരി ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത് പെണ്‍കുട്ടിയുടെ അയല്‍വാസിയെന്നും എസിപി കെ. സുദര്‍ശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അന്വേഷണത്തിനായി നാര്‍ക്കോട്ടിക് സെല്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.
ഇൻസ്റ്റഗ്രാമിൽ റോയൽ ഡ്രഗ്സെന്ന ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു ഈ പതിനാലുകാരിയുള്‍പ്പടെയുള്ളവരെ ലഹരി സംഘം വലയിലാക്കിയത്. പത്തംഗ സംഘത്തിലെ മൂന്നുപേര്‍ മുന്‍പും ലഹരി കടത്ത് കേസിലെ പ്രതികളാണന്ന് കണ്ടെത്തി. അയൽവാസിയായ യുവാവാണ് ഒൻപതാം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ചേര്‍ക്കുന്നത്. ഇയാള്‍ തന്നെയാണ് മറ്റുള്ളവരെയും എത്തിച്ചത്.
സ്കൂളിന് പുറത്താണ് പെണ്‍കുട്ടി ലഹരി വിറ്റിരുന്നത്. ബംഗളൂരുവില്‍ നിന്ന് പോലും ലഹരി നാട്ടിലെത്തിച്ച് വില്‍പന നടത്തിയിട്ടുണ്ടെന്നും പെണ്‍കുട്ടി സമ്മതിച്ചു. പത്തുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർക്ക് എവിടെ നിന്നാണ് എംഡിഎംഎ ഉൾപ്പടെ ലഭിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ആദ്യം സൗജന്യമായി നല്‍കി കുട്ടികളെ ലഹരിക്ക് അടിമയാക്കിയശേഷം പിന്നീട് ക്യാരിയര്‍മാരാക്കുകയായിരുന്നു.