നിയമസഭയിൽ എംഎൽഎ പി.കെ.ബഷീറിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. നാടുകാണി ചുരം മുതല്‍ പരപ്പനങ്ങാടി വരെയുള്ള 90 കിലോമീറ്റര്‍ റോഡ് 11 കൊല്ലമായി പ്രവൃത്തി നടക്കാതെ നില്‍ക്കുകയാണെന്ന എംഎൽഎയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
കാള്‍ മാര്‍ക്സിന്‍റെ 140-ാം ചരമ ദിനം അനുസ്മരിച്ച് തുടങ്ങിയ റിയാസ് പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ചായിരുന്നു സംസാരിച്ചത്. 'പ്രശ്നത്തിന്‍റെ സങ്കീര്‍ണത വ്യാഖ്യാനിക്കുക മാത്രമല്ല, പരിഹാരം കണ്ടെത്തി എങ്ങനെ മാറ്റിത്തീര്‍ക്കാമെന്നതിന് എല്‍ഡിഎഫ് എല്ലാ വകുപ്പുകളിലും എല്ലാ നിലയിലും മാതൃകയായി തീരുന്ന ഒരു സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിലും ഇതുപോല ഇടപെട്ടുകൊണ്ടിരിക്കുന്നത്'- മന്ത്രി പറഞ്ഞു.
പിന്നാലെയായിരുന്നു എംഎൽഎ പി.കെ.ബഷീറിന്റെ ഊഴം. 'ബഹുമാനപ്പെട്ട മന്ത്രി കാള്‍ മാര്‍ക്സിന്‍റെ അനുയായി ആണ്. അതുകൊണ്ട് നാടുകാണി ചുരം മുതല്‍ പരപ്പനങ്ങാടി വരെയുള്ള 90 കിലോമീറ്റര്‍ റോഡ് 11 കൊല്ലമായി പ്രവൃത്തി നടക്കാതെ നില്‍ക്കുകയാണ്. അതിന് എന്തെങ്കിലുമൊരു നടപടി മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമോ' എന്ന് എംഎൽഎയുടെ ചോദ്യം.
എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ചേർന്ന യോഗം മറന്നുപോയോ എന്ന് മന്ത്രി ചോദിച്ചത്. 'കാള്‍ മാര്‍ക്സിനെയൊക്കെ നല്ല ഓര്‍മ്മയുണ്ട്. പക്ഷെ നാടുകാണി - പരപ്പനങ്ങാടി റോഡുമായി ബന്ധപ്പെട്ട് ഒരു ചേര്‍ന്ന യോഗത്തെ കുറിച്ച് മറന്നുപോയെന്ന് തോന്നുന്നു'- മന്ത്രി പറഞ്ഞു.
'അദ്ദേഹം ഉള്‍പ്പെടെ പങ്കെടുത്തുകൊണ്ട് കളക്ടറേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. അതില്‍ ചില തീരുമാനങ്ങള്‍ നമ്മള്‍ കൈക്കൊണ്ടിട്ടുണ്ട്. ആ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമം അവിടെ നടക്കുന്നുണ്ട്. വിവിധ മണ്ഡലങ്ങളിലൂടെ പോകുന്ന റോഡാണ്. പത്ത് വര്‍ഷത്തിലധികമായുള്ള പ്രശ്നമാണ്. അത് പരിഹരിച്ച് നമുക്ക് മുന്നോട്ട് പോകാവുന്നതാണെ'ന്നും മന്ത്രി പറഞ്ഞു.
Minister PA Muhammed Riyaz reply to PK Basheer MLA in Kerala Assembly