സഭാ ദർശനങ്ങളിലും സാമൂഹ്യവിഷയങ്ങളിലും അഗാധമായ വിജ്ഞാനവും പാണ്ഡിത്യവും. നിലപാടുകളിലെ കാർക്കശ്യവും ആർജവത്വവും. എന്നാൽ അതിനെല്ലാം സൗന്ദര്യം പകരുന്ന ജീവിതലാളിത്യം. അതായിരുന്നു മാർ പൗവത്തിൽ മെത്രാപ്പോലീത്ത.
നിലപാടുകളോട് വിയോജിക്കുന്നവരും അംഗീകരിക്കും മാർ പൗവത്തിലിന്റെ ആശയ ദൃഢതയെ. ബോധ്യമുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല മാർ പൗവത്തിൽ. അതിനാൽ തന്നെ സഭയ്ക്കുള്ളിലും പുറത്തും നിരവധി പേരുടെ വിയോജിപ്പുകളും എതിർപ്പുകളും നേരിടേണ്ടി വന്നു. സിറോ മലബാർ സഭയുടെ തനിമ വീണ്ടെടുക്കാനുള്ള പോരാട്ടം ആദ്യം തുടങ്ങി വച്ചു. സഹായ മെത്രാനായിരിക്കുമ്പോൾ തന്നെ സീറോ മലബാർ സഭ വ്യക്തിത്വമുള്ള സഭയാണെന്ന് CBCI യോഗത്തിൽ ഉറക്കെപ്പറഞ്ഞു. സീനിയർ ബിഷപ്പുമാരടക്കമുള്ളവർ കൗതുകത്തോടെയും അൽപം ആശങ്കയോടെ ശ്രദ്ധിച്ചു കേട്ടു മാർ പൗവത്തിലിന്റെ വാക്കുകൾ. ആരാധനക്രമത്തിലെ സഭ വ്യക്തിത്വം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ അതിശക്തമാക്കി. സീറോ മലബാർ സ്വതന്ത്രാധികാരമുള്ള മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി. സഭയുടെ ആദ്യ മേജർ ആർച്ച് ബിഷപ്പാകാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും അതുണ്ടാകാത്തതും നിലപാടുകളിൽ വെള്ളം ചേർക്കാത്തതു കൊണ്ടായിരുന്നു.
കമ്യൂണിസ്റ്റ് വിരുദ്ധതയും നിരീശ്വര പ്രസ്ഥാനങ്ങളോടുള്ള എതിർപ്പും പരസ്യമായി പ്രകടിപ്പിക്കാൻ മാർ പവ്വത്തിൽ ഒരിക്കലും മടിച്ചില്ല. ആശയപരമായ ഈ എതിർപ്പ് ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ആവർത്തിച്ച് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സർക്കാർ ഇടപെടലിനെ മാർ പൗവത്തിൽ എന്നുമെതിർത്തു. സ്വാശ്രയ കോളജ് വിഷയത്തിൽ കോടതികളിൽ ന്യൂനപക്ഷ അവകാശങ്ങൾക്കു വേണ്ടിയുള്ള നിയമ പോരാട്ടത്തിന്റെ പ്രേരക ശക്തിയായി. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിൽ സ്ഥാപിക്കുന്നതിൽ മുൻ കൈയെടുത്തു. വിദ്യാഭ്യാസ, ന്യൂനപക്ഷ അവകാശ പോരാട്ടത്തിൽ ക്രൈസ്തവ സഭകളുടെ ഏക സ്വരം മുഴങ്ങിയത് ഇന്റർ ചർച്ച് കൗൺസിലിലൂടെയാണ്.
വിജ്ഞാനത്തിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോളും ലാളിത്യം മാർ പൗവത്തിലിന്റെ ജീവിതമുദ്രയായിരുന്നു. ഉപവിയിലും സ്നേഹത്തിലും എന്ന ആദർശ വാക്യമാണ് മെത്രാനായപ്പോൾ സ്വീകരിച്ചത്. അത് ജീവിതത്തിൽ പാലിച്ചതിന്റെ ഉദാഹരണങ്ങളായിരുന്നു നിർധനർക്കുള്ള ഭവനനിർമാണ പദ്ധതികളും സ്കോളർഷിപ്പുകൾ അടക്കമുള്ളവയും.
നിലപാടുകൾ പറയേണ്ടിടത്ത് പതറാതെ പറയുകയായിരുന്നു ശൈലി. അതിന്റെ പേരിലുളള നഷ്ടങ്ങൾ ഒരിക്കലും നൊമ്പരപ്പെടുത്തിയിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരുന്നു മാർ പൗവത്തിൽ. വിട പറയുന്നത് കേരള സഭയുടെ ധാർമിക സ്വരമാണ്. ഇനി ഇതു പോലൊരാൾ സഭാ നേതൃത്വത്തിലുണ്ടാകാനിടയില്ല.