lorry

TAGS

ചരക്ക് കയറ്റിറക്ക് തൊഴിലാളികള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തൊഴിലാളികളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. വിവിധ തൊഴിലാളി സംഘടനകളും വാഹന ഉടമകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ചരക്കുനീക്കം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. 

 

കരിങ്കല്ല്, ചെങ്കല്ല്, മണല്‍, മണ്ണ് വിഭാഗങ്ങളിലെ തൊഴിലാളികളോട് റവന്യൂ, പൊലിസ്, ആര്‍ടിഒ, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകള്‍ ശത്രുതാമനോഭാവത്തോടെയാണ് പെരുമാറുന്നത് എന്നാണ് ആക്ഷേപം. ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ചരക്കുകയറ്റിറക്ക് തൊഴിലാളികളെ ഭക്ഷ്യവകുപ്പും വെറുതെ വിടുന്നില്ല. എന്തിനും ഏതിനും ദ്രോഹിക്കുന്ന നിലപാട് അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സൂചനാപണിമുടക്ക്. ജില്ലാ ആസ്ഥാനങ്ങളില്‍ സംയുക്ത സമരസമിതി കല്ക്ടറേറ്റ് മാര്‍ച്ച് നടത്തി. 

 

വാഹന ഉടമകളും സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളികളെ ദ്രോഹിക്കുന്ന നിലപാടില്‍ നിന്ന് വിവിധ വകുപ്പുകള്‍ പിന്മാറിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് നീങ്ങാനാണ് സംയുക്ത സമരസമതിയുെട തീരുമാനം.