ആശമാരുടെ സമരം ഇന്ന് അന്‍പതുദിവസം പിന്നിട്ടു. നിരാഹാരസമരം പതിനൊന്നുദിവസവും. പൊള്ളുന്ന ചൂടായിരുന്നു, പിടിച്ചുനിന്നു. ഇടയ്ക്ക് നല്ല മഴ, അത് നിന്നുകൊണ്ടു. ജീവിക്കാന്‍വേണ്ടി സ്ത്രീകള്‍ നടത്തുന്ന സമരത്തെ ഭരണകൂടവും ആജ്ഞാനുവര്‍ത്തികളും തകര്‍ക്കാന്‍ നോക്കി, ആദ്യം വാക്കുകൊണ്ട് . പിന്നെ ഇരുന്നിടത്തുനിന്ന് ഓടിക്കാന്‍ പലതരം പ്രവൃത്തികള്‍. അവിടെയും പിടിച്ചുനിന്നു പെണ്‍കരുത്ത്. ഡല്‍ഹി നാടകത്തിനുശേഷം ആരോഗ്യമന്ത്രിയെ ഈ വഴിക്ക് കണ്ടിട്ടില്ല. സിനിമ കാണാന്‍ തിയറ്ററിലേക്ക് പോകുന്ന വഴിയെങ്കിലും മുഖ്യമന്ത്രി തിരിഞ്ഞുനോക്കുമെന്ന് കരുതിയിരിക്കാം ഇവര്‍. ഇല്ല, അതും ഉണ്ടായില്ല. ആക്ഷേപിച്ചും അവഗണിച്ചും സമരം പൊളിക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെ സമരം ശക്തമാക്കാൻ തന്നെയാണ് ആശാവർക്കർമാരുടെ നീക്കം. അതിന്റെ ആദ്യപടിയായിരുന്നു ഇന്നത്തെ മുടിമുറിച്ച് പ്രതിഷേധം. സമരത്തിന്റെ അന്‍പതാം നാളിലും തിരിഞ്ഞു നോക്കാത്ത സർക്കാരിനെതിരെ ഒരര്‍ഥത്തില്‍ അറ്റകൈ പ്രയോഗം. അവസാനത്തെ ആശയും സമര പന്തലിൽ തുടരുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ആശമാർ പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രതികരിച്ചത്. സമരം നാടകമെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് ഇവരുടെ ഭാഷ മനസ്സിലാകില്ലായിരിക്കും. പക്ഷേ, സമരം ജീവിതസമരം തന്നെയെന്ന് ഇവരുടെ വാക്കുകളിലുണ്ട്. ലക്ഷ്യം നേടാതെ പിന്നോട്ടേക്കില്ലെന്ന നിശ്ചയദാര്‍ഢ്യവും. സമരത്തിന്റെ തുടക്കം മുതലേ ആരോഗ്യമന്ത്രി പറയുന്നത് സമരത്തോട് അനുഭാവമുണ്ടെന്നാണ്. ഒരു വശത്ത് അനുഭാവം. മറുവശത്ത് അപവാദം. ഈ ഇരട്ടത്താപ്പിനെതിരെ കൂടിയാണ് ആശമാരുടെ പ്രതിഷേധം. ആവര്‍ത്തിക്കുകയാണ്, സമരച്ചൂളയില്‍ പാകപ്പെട്ടവരെന്ന് ഊറ്റംകൊള്ളുന്നവര്‍ക്ക് സമരം കാണുന്നതേ പുച്ഛമായി മാറിയ കാലത്ത് ആശമാരുടെ സമരം നീണ്ടുപോയേക്കാം. പക്ഷേ, അത് ലക്ഷ്യം കാണുമെന്ന ആശമാരുടെ നിശ്ചയദാര്‍ഢ്യത്തെ ആര്‍ക്കും ചെറുതായി കാണാന്‍ കഴിയില്ല. ഇന്നത്തെ മുടി മുറി സമരവും ആശമാരുടെ കണ്ണീരും സര്‍ക്കാരിന് കാണാന്‍ കഴിയുന്നുണ്ടാവില്ല, പക്ഷേ, ഈ നാട് കാണുന്നുണ്ടെന്ന് മറ്റാരേക്കാളും ഉറപ്പുണ്ട് സമരമുഖത്തെ പോരാളികള്‍ക്ക്.