മണ്മറഞ്ഞ് ഏഴരപ്പതിറ്റാണ്ടിനിപ്പുറം ചങ്ങമ്പുഴയെത്തേടി രമണനും മദനനും കൊച്ചിയിലെ വീട്ടിലെത്തി. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന് എന്ന ഭാവകാവ്യത്തിലെ കഥാപാത്രങ്ങളുടെ പേരുള്ള ഇരട്ടകള്‍ കവിയുടെ മകളോട് ചിന്തകള്‍ പങ്കുവച്ചു.
മാമരങ്ങളും പൂഞ്ചോലകളും നിറയെയുള്ള ഇടുക്കി പൂപ്പാറയില്‍ നിന്നെത്തിയതാണ് ഇരട്ടസഹോദരങ്ങളായ ഈ രമണനും മദനനും. ആട്ടിടയരല്ല, കര്‍ഷകരാണ്. രമണന് കവിത മന:പാഠവുമാണ്. മകള്‍ ലളിതയ്ക്ക് ഒരുവയസുള്ളപ്പോഴാണ് ചങ്ങമ്പുഴ രോഗാതുരനായി മരിക്കുന്നത്. മറ്റുള്ളവര്‍ അച്ഛന് നല്കുന്ന ആദരമാണ് തനിക്ക് അച്ഛനോടുള്ള ആത്മബന്ധമെന്ന് ആവര്‍ത്തിക്കുകയാണ് ലളിത. രമണനും മദനനും എത്തിയപ്പോള്‍ അച്ഛന് എഴുതിവച്ച ചന്ദ്രികയെക്കുറിച്ചായിരുന്നു ലളിതയുടെ ചിന്ത. ഇനിയും വരാമെന്ന് ഉറപ്പുനല്‍കി രമണനും മദനനും ചങ്ങമ്പുഴയില്‍ നിന്ന് മടങ്ങി.