നാഗ്പൂരില്‍ ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ ദുരൂഹ സാഹചര്യത്തിൽ ആലപ്പുഴ വളഞ്ഞവഴിയിലെ നിദാഫാത്തിമയെന്ന വിദ്യാര്‍ഥിനി മരണമടഞ്ഞിട്ട് ഒരു വര്‍ഷം .കുടുംബത്തിന് വീട് നല്‍കുമെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആക്ഷൻ കമ്മിറ്റി. നിദക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ വളഞ്ഞ വഴി ജംഗ്ഷനിൽ മെഴുകുതിരി കത്തിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ 22 നാണ് നാഗ്‌പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം നിദാ ഫാത്തിമയെന്ന പത്തുവയസുകാരി മരണപ്പെട്ടത്. അമ്പലപ്പുഴ കാക്കാഴം സുഹ്റാ മൻസിൽ ഷിഹാബുദീൻ അൻസില ദമ്പതികളുടെ മകളാണ്. നീർക്കുന്നം എസ്.ഡി.വി.ഗവ:യു .പി .സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്നു നിദാ ഫാത്തിമ. മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനും കുടുംബത്തിന് സഹായങ്ങൾ നൽകുന്നതിലും വീഴ്ച വരുത്തുന്നുവെന്നാണ് പരാതി. മരണം സംഭവിച്ചിട്ട് ഒരു വർഷം ആയിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും നൽകിയിട്ടില്ല.
കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാമെന്ന് ഉറപ്പു നൽകിയിട്ടും വാഗ്ദാനം പാലിക്കപ്പെട്ടില്ല. സർക്കാർ നൽകിയ 5 ലക്ഷം രൂപ സ്ഥലം വാങ്ങാനായി മുൻകൂർ നൽകി. ബാക്കി തുക നൽകാമെന്നേറ്റ കാലാവധി കഴിഞ്ഞമാസം അവസാനിച്ചു. നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നാഗ്പൂരിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പരിശീലകനൊപ്പം യാത്ര തിരിച്ചത്. ഭക്ഷണം കഴിച്ച ശേഷം ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളായി മരിക്കുകയുമായിരുന്നു. നിദാ ഫാത്തിമയുടെ വേർപാടിന് ഒരു വർഷം പൂർത്തിയായ ഇന്നലെ വൈകിട്ട് അമ്പലപ്പുഴ വളഞ്ഞവഴിയില്‍ മെഴുകുതിരി കത്തിച്ചു പ്രതിഷേധം സംഘടിപ്പിച്ചു. നിദയുടെ ചിത്രങ്ങളുമേന്തിയ പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രതിഷേധം.
Today is one year since Nida Fatima died