അയോധ്യാ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സംവിധായകന്‍ അമല്‍ നീരദ്. ബാബറി മസ്ജിദിന്റെ ചിത്രം പങ്കുവെച്ചാണ് അമല്‍നീരദിന്റെ വാക്കുകള്‍. മൂല്യബോധമുള്ളവര്‍ സ്വതന്ത്രരായ മനുഷ്യരാണെന്ന് അമല്‍ നീരദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
'മൂല്യബോധം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ പറ്റും. എന്നാല്‍ അത് മാത്രമാണ് നമുക്ക് ശരിക്കും സ്വന്തമായുള്ളത്. നമ്മളില്‍ അവശേഷിക്കുന്നതും അത് മാത്രമായിരിക്കും. എന്നാല്‍ ആ ബോധ്യത്തിനുള്ളില്‍ നമ്മള്‍ സ്വതന്ത്രരാണ്' എന്നാണ് അമല്‍നീരദ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
അമല്‍ നീരദിനെ അഭിനന്ദിച്ചുള്ള കമന്‍റുകളാണ് പോസ്റ്റിന് ഏറെയും ലഭിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ അയോധ്യയിലെ രാമപ്രതിഷ്ഠാ ദിവസം പ്രതികരണവുമായി എത്തിയിരുന്നു. രാജ്യത്തിന് മുകളില്‍ വിശ്വാസത്തെ സ്ഥാപിച്ചാല്‍ നമ്മുടെ സ്വാതന്ത്രം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് ഷെയ്ന്‍ നിഗം പ്രതികരിച്ചത്. ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് നിരവധി താരങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു. സംവിധായകരായ ആഷിഖ് അബു, കമല്‍, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. മതം ആശ്വാസമാണ്, ആഘോഷം അല്ല എന്ന ഗായകന്‍ വിധു പ്രതാപിന്റെ പ്രതികരണവും സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായി.