perikkallur-ksrtc

ഗതാഗത മന്ത്രിയുടെ വാക്കുകൾ അതേപടി പാലിച്ച് ഉദ്യോഗസ്ഥർ. മികച്ച കളക്ഷൻ ഉണ്ടായിട്ടും വയനാട് പെരിക്കല്ലൂരിലേക്കുള്ള മൂന്ന് സർവീസുകൾ വെട്ടിച്ചുരുക്കി കെ.എസ്.ആർ.ടി.സി. ഗണേഷ്കുമാർ പകരംവീട്ടുകയാണെന്നാണ് പെരിക്കല്ലൂർ നിവാസികളുടെ ആരോപണം.

 

ഗതാഗത മന്ത്രി ഭൂപടത്തിൽ തപ്പി കണ്ടുപിടിച്ച പെരിക്കല്ലൂരിലേക്ക്, ആളില്ലെങ്കിൽ സർവീസുകൾ വെട്ടിച്ചുരുക്കണമെന്ന് നിർദ്ദേശം. ആത്മാർഥതയുടെ കാര്യത്തിൽ പേര്കേട്ട കെ.എസ്.ആർ.ടി.സി.യിലെ ഉദ്യോഗസ്ഥർ ആളുണ്ടായിട്ടും മൂന്ന് സർവീസുകൾ വെട്ടിച്ചുരുക്കി. പാലാ - പെരിക്കല്ലൂർ സൂപ്പർഫാസ്റ്റ്, അടൂർ - പെരിക്കല്ലൂർ സൂപ്പർഫാസ്റ്റും ഡീലക്സും ആണ് ബത്തേരിയിലേക്ക് വെട്ടിച്ചിരുക്കിയത്. നടപടി സ്വകാര്യ ബസുകളെ സഹായിക്കാൻ എന്നാണ് പെരിക്കല്ലൂരുകാരുടെ ആരോപണം.

 

പ്രതിഷേധവുമായി ഇന്നലെ രാത്രി നിരത്തിലിറങ്ങിയ നാട്ടുകാർ വെട്ടിചുരുക്കാൻ നിർദ്ദേശിച്ച സർവീസുകൾ പെരിക്കല്ലൂരിൽ തടഞ്ഞു. പൊലീസ് ഇടപെട്ടാണ് നാട്ടുകാരെ പിരിച്ചുവിട്ടത്. പെരിക്കല്ലൂർ, മൂള്ളൻക്കൊല്ലി, പുൽപ്പള്ളി മേഖലകളിലെ കുടിയേറ്റ ജനതയുടെ വേരുകളുള്ള മധ്യ തിരുവിതാംകൂറിനെ ബന്ധിപ്പിക്കുന്ന പ്രധാന സർവീസുകളാണ് കെ.എസ്.ആർ.ടി.സി. ഏകപക്ഷീയമായി വെട്ടിച്ചുരുക്കിയത്. കളക്ഷൻ മെച്ചപ്പെടുത്താനാണ് പരിഷ്കരണം എന്ന് പറയുമ്പോഴും നിറയെ ആളുകളുള്ള റൂട്ട് വെട്ടിച്ചുരുക്കിയതിലൂടെ മന്ത്രി പ്രതികാരം ചെയ്യുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. പെരിക്കല്ലൂരിനെ അറിയില്ല എന്ന് മന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.

 

KSRTC cuts three services to Wayanad Perikallur despite good collection