ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് നാല്‍പത്തിയഞ്ചാം പിറന്നാള്‍. 1998ലെ പിറന്നാള്‍ദിനത്തില്‍ ഇന്ത്യയുടെ ഷാര്‍ജ കപ്പ് നേട്ടത്തിന് സഹായകരമായ ആ വിഖ്യാത സെഞ്ചുറിയുടെ ഇരുപതാം വാര്‍ഷികവും ഇന്നാണ്.
മരുഭൂമിയിലെ ആ കൊടുങ്കാറ്റില്‍ ഓസ്ട്രേലിയന്‍ ഗര്‍വിന്റെ കൂടാരം തകര്‍ന്നടിഞ്ഞിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട്. അന്നത്തെ വേനലവധിയില്‍ സച്ചിനെ കണ്ട കുരുന്നുകള്‍ ഇന്ന് 30 പിന്നിട്ടു കാണും.., ക്യാംപസിന്റെ ഇടനാഴികളില്‍ ആ ഇന്നിങ്സിനെപ്പറ്റി വാചാലമായവര്‍ മധ്യവയസ്കരുടെ നരയണിഞ്ഞു കാണും. എന്നാല്‍, കരിം നീല പാന്റ്സും ഇളനീലയില്‍ ത്രിവര്‍ണം കോറിയ ടീ ഷര്‍ട്ടുമിട്ട് ഷെയന്‍ വോണിനെയും കാസ്പറോവിക്സിനെയും ടോം മൂഡിയെയും അതിര്‍ത്തിയിലേക്ക് പറഞ്ഞയക്കുന്ന ആ ബാറ്റിങ് വിരുന്നിന്റെ ഓര്‍മകള്‍ക്ക് ഇന്നും പതിനേഴിന്റെ പളപളപ്പുണ്ട്. ഏകദിന ഇന്നിങ്സുകളില്‍ മികച്ചതെന്ന് സച്ചിന്‍ തന്നെ കണക്കാക്കുന്ന രണ്ട് പ്രകടനങ്ങള്‍.. ഒന്ന് ഏപ്രില്‍ 22ലെ സെമിഫൈനല്‍ ദിവസത്തെ 143 റണ്‍സിന്റെ കൊടുങ്കാറ്റ്. മറ്റൊന്ന് രണ്ട് ദിനങള്‍ക്കിപ്പുറം ഫൈനലില്‍ നേടിയ 134.
273 റണ്‍സ് വിജയലക്ഷ്യത്തിലേക്കും കിരീടത്തിലേക്കും ഒറ്റയ്ക്ക് ചുവടുവച്ച് മുന്നേറുകയായിരുന്നു സച്ചിനന്ന്. സ്പിന്‍ ഇതിഹാസത്തിന്റെ തലയ്ക്കു മുകളിലൂടെ പലവട്ടം പറന്ന സിക്സറുകളില്‍ രോമാഞ്ചം കൊള്ളാത്ത ഇന്ത്യാക്കാരുണ്ടോ?
1998, സച്ചിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച വര്‍ഷം. 1894 റണ്‍സ് കുറിച്ച് റെക്കോര്‍ഡിട്ടു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ചവനെന്ന് സ്വയം അടയാളപ്പെടുത്തിയ ദിവസങ്ങള്‍. നാല്‍പ്പത്തിയഞ്ചാം വയസിലും സച്ചിന്‍.., നിങ്ങള്‍ ഞങ്ങള്‍ക്കൊരു വികാരമാണ്.. ക്ലാവു പിടിക്കാത്ത നല്ലോര്‍മകള്‍ ആവോളം തന്ന ഇതിഹാസത്തിന് പിറന്നാള്‍ ചെണ്ടുകള്‍.