qatar-italy-new

ജിയാന്‍മാര്‍കോ ടംബേരിക്ക് പരുക്കേറ്റതുകൊണ്ടോ, ഖത്തര്‍താരത്തിന്റെ മഹാമനസ്കതകൊണ്ടോ അല്ല ടോക്കിയോ ഒളിംപിക്സ് ഹൈജംപില്‍ ഇരുവര്‍ക്കും സ്വര്‍ണം ലഭിച്ചത്. ടംബേരിക്ക് പരുക്കേറ്റതിനാല്‍ സ്വര്‍ണം പങ്കുവയ്ക്കുകയായിരുന്നു എന്ന തെറ്റായ സന്ദേശമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്, അത് ഖത്തര്‍താരം മുഅത്തസ് ബര്‍ഷിമിന്റെ മഹാമനസ്കത എന്നപേരിലും പ്രചരിപ്പിച്ചവര്‍ അറിയുക അവരുടെ അപൂര്‍വസൗഹൃദത്തിന്റെ കഥ. ഏതെങ്കിലും ഒരുതാരത്തിന്റെ നിര്‍ദേശം കേട്ടുകൊണ്ടുമാത്രം മെഡല്‍ പങ്കുവയ്ക്കാനുള്ള അധികാരം റഫറിക്കോ, അങ്ങനെയൊരു നിയമം അത്‌ലറ്റിക്‌സില്‍ ഇല്ല.

ടോക്കിയോയില്‍ സംഭവിച്ചത്

ഒളിംപിക്സ് ഹൈജംപില്‍ ലോകത്തെ മികച്ച രണ്ടുതാരങ്ങള്‍ മല്‍സരിക്കുന്നു. ഇരുവരും ഒപ്പംഒപ്പത്തിനൊപ്പം മുന്നേറി. 2.37മീറ്റര്‍ ചാടി ഇരുവരും ഒപ്പമായപ്പോള്‍ ജേതാവിനെ കണ്ടെത്താനായി അടുത്തശ്രമം ഒരുപടികൂടി ഉയര്‍ത്തിവച്ച് 2.39മീറ്റര്‍ മറികടക്കാനായി ഇരുവര്‍ക്കും മൂന്ന് അവസരങ്ങള്‍. ഈ മൂന്ന് അവസരത്തിലും ബര്‍ഷിമിനും ടംബേരിക്കും 2.39മീറ്റര്‍ മറികടക്കാനായില്ല. അടുത്തത് ജംപ് ഓഫ് ആണ്.  (വിജയിയെ കണ്ടെത്താന്‍ ഉയരം കുറച്ച് വീണ്ടും ചാടിപ്പിക്കുക, വീണ്ടും ഒപ്പമെത്തിയാല്‍ വീണ്ടും ഒരുപടി മുന്നോട്ട് വച്ച് ചാടിക്കുക, അങ്ങനെ വിജയിയെ കണ്ടെത്തുക, ഈ സാഹചര്യത്തില്‍ ലക്ഷ്യം നേടാനാകുന്നില്ലെങ്കില്‍   ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ ഒന്നാംസ്ഥാനം പങ്കുവയ്ക്കാം.)

ജംപ് ഓഫിന് തയാറല്ലേ എന്ന് റഫറി ചോദിക്കുമെന്ന് അറിയുന്ന നിമിഷത്തില്‍ ബര്‍ഷിമും ടംബേരിയും പരസ്പരം കണ്ണുകളില്‍ നോക്കി, അവര്‍ സന്ദേശം കൈമാറി, അവര്‍ക്ക് അവരുടെ മനസിനെ വായിച്ചെടുക്കാനായി. ഒപ്പമെത്തിയാല്‍ മെഡല്‍ പങ്കിടാമെന്ന നിയമം അറിയുന്ന അത്്ലീറ്റുകളുമാണല്ലോ അവര്‍. ഇതോടെ ബര്‍ഷിം റഫറിയെ സമീപിച്ചുപറഞ്ഞു, ജംപ് ഓഫിനില്ല മെഡല്‍പങ്കിടാമെന്ന്, ടംബേരിയും അതിനോട് സമ്മതിക്കുകയായിരുന്നു. അല്ലാതെ ടംബേരി പരുക്കേറ്റ് പിന്മാറിയതല്ല. 

ആത്മാര്‍ഥ സുഹൃത്തുക്കള്‍

വര്‍ഷങ്ങളായി ഹൈജംപിലെ ഒന്നാംസ്ഥാനത്തിനായി മല്‍സരിക്കുന്ന രണ്ട് ലോകോത്തരതാരങ്ങളാണ് ഖത്തറിന്റെ ബര്‍ഷിമും ഇറ്റലിയുടെ ടംബേരിയും. 2017ല്‍ ഡയമണ്ട് ലീഗില്‍ പരുക്കറ്റ് മികച്ച പ്രകടനം നടത്താനാകാതെ മുറിക്കുള്ളില്‍ കതകടച്ചിരുന്ന ടംബേരിയെ ബര്‍ഷിം നേരില്‍ചെന്ന് കാണുകയായിരുന്നു, ആദ്യംകാണാന്‍ കൂട്ടാക്കാതിരുന്ന ടംബേരി പിന്നീട് ബര്‍ഷിമിനെ കാണാമെന്ന് സമ്മതിക്കുകയും ഇരുവരും കുറെയേറെ നേരെ സംസാരിക്കുകയും ചെയ്തു. ബര്‍ഷിമിന്റെ വാക്കുകള്‍ പ്രചോദനമേകിയെന്ന് ടംബേരി പിന്നീട് പറയുകയുണ്ടായി.

പിന്നീട് 2019ലെ ലോകഅത്‌ലറ്റിക്‌സ്  ചാംപ്യന്‍ഷിപ്പ് മുന്നോടിയായി ബര്‍ഷിമിനും സമാനമായ പരുക്കേറ്റു, ശസ്ത്രക്രിയയും വേണ്ടുവന്നു. അന്ന് ടംബേരിയാണ് ബര്‍ഷിമിനെ ആശ്വസിപ്പിച്ചതും വീണ്ടും കളത്തിലേക്ക് സജീവമാകാനുള്ള പ്രചോദനം നല്‍കിയതും. കളിക്കളത്തില്‍ രണ്ട് രാജ്യത്തിനായി പൊരുതുന്ന മികച്ച രണ്ട് അത്‌ലീറ്റുകളാണ് ബര്‍ഷിമും ടംബേരിയും എന്നാല്‍ കളത്തിന് പുറത്ത് ഏറെ അടുപ്പം സൂക്ഷിക്കുന്നു ഇരുവരും, ഇവരുടെ സൗഹൃദത്തിന്റെ ഒരു അപൂര്‍വനിമിഷം കൂടിയായി ഹൈജംപിലെ സ്വര്‍ണനേട്ടം. വെങ്കലം നേടിയെ ബൈലാറസുകാരനും ഇതേ ഉയരം ചാടിയെങ്കിലും ഇവരെക്കാള്‍ കൂടുതല്‍ ചാന്‍സ് വേണ്ടിവന്നു. രണ്ടുപേര്‍ക്ക് സ്വര്‍ണം നല്‍കിയാല്‍ അടുത്തയാള്‍ക്ക് വെള്ളി കൊടുക്കാനുള്ള അവസരമില്ല, രണ്ട് സ്വര്‍ണത്തിനുശേഷം വെങ്കലം ആണ് നല്‍കുക.