sevens-football

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചങ്ങനാശേരി പുതൂര്‍പ്പള്ളി മൈതാനത്ത് സെവന്‍സ് ഫുട്ബോള്‍ ആവേശം. ചങ്ങനാശേരി മുഹമ്മദന്‍സ് സ്പോട്ടിങ് ക്ലബ്ബിന്‍റെ ഇരുപത്തിയേഴാമത് ടൂര്‍ണമെന്‍റാണ് ഇക്കുറി നടക്കുന്നത്. ഞായറാഴ്ച സമാപിക്കും.

 

എട്ടു ടീമുകളാണ് ഇക്കുറി മല്‍സരിക്കുന്നത്. നോക്കൗട്ട് രീതിയിലാണ് മല്‍സരം. വൈകിട്ട് അഞ്ചു മുതല്‍ മല്‍സരം തുടങ്ങും. മന്ത്രി വി.എന്‍.വാസവനാണ് ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തത്.

 

1976ല്‍ ആണ് മുഹമ്മദന്‍സ് സ്പോട്ടിങ് ക്ലബ് തുടങ്ങുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സെവന്‍സ് ഫുട്ബോളില്‍ കരുത്തു തെളിയിച്ചവരാണ് മുഹമ്മദന്‍സ്. ഇത്തവണത്തെ മല്‍സരത്തില്‍ സെമിയില്‍ പുറത്തായി.

 

ക്ലബ്ബിന്‍റെ കോച്ചും പ്രസിഡന്‍റുമായ പി.എം.ഷാജഹാന്‍റെ മരണത്തോടെയാണ് ടൂര്‍ണമെന്‍റ് താല്‍ക്കാലികമായി മു‌ടങ്ങിയത്. പിന്നീട് കോവിഡും തടസമായി. നിയന്ത്രണങ്ങള്‍ നീങ്ങിയതോടെയാണ് ഇക്കുറി ടൂര്‍ണമെന്‍റ് വീണ്ടും തുടങ്ങിയത്.