Messi-in-black-traditional-robe

ഖത്തർ ലോകകപ്പ് ഫൈനലിലെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് അർജന്റീന ലോകകിരീടം സ്വന്തമാക്കിയത്. അർജന്റ‌ീനയുടെ വെള്ളയും നീലയും നിറമുള്ള ജഴ്സിയിൽ മെസി ആ ലോകകിരീടത്തിൽ മുത്തമിടുന്നത് അർജന്റീനൻ ആരാധകരുടെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു. 36 വർഷത്തെ ആ കാത്തിരുപ്പിന് ഇന്നലെ ഖത്തറിലെ ലുസെയ്ൻ സ്റ്റേഡിയത്തിൽ വിരാമമായി. 

‌ലോക കിരീടം മെസിയുടെ കൈകളിലേക്ക് കൈമാറുന്നതിന് മുമ്പ് ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമീദ് അൽ താനി മെസിയെ കറുത്ത നിറത്തിലുള്ള ഒരു മേൽ വസ്ത്രം അണിയിച്ചിരുന്നു. ഈ മേൽ വസ്ത്രവുമണിഞ്ഞാണ് മെസി ആ സ്വർണപ്പക്കപ്പ് സ്വീകരിച്ചതും കപ്പുമായി ടീമംഗങ്ങള്‍ക്കടുത്തെത്തിയതും ഫോട്ടോയ്ക്ക് പോസ് ചെയ്തതുമെല്ലാം. 

എന്തിനാണ് ഖത്തർ അമീർ മെസിയെ ഈ വസ്ത്രം ധരിപ്പിച്ചത്? എന്താണ് ആ കറുത്ത വസ്ത്രത്തിന്റെ പ്രത്യകത?

അറബുകൾ ധരിക്കുന്ന ഒരു പരാമ്പരാഗത വസ്ത്രമാണിത്. രാജകുടുംബത്തിൽപ്പെട്ടവരും രാഷ്ട്രീയ നേതാക്കളും മത നേതാക്കളും അതി സമ്പന്നരും അവരുടെ പ്രൗഡി കാണിക്കാനായി  ചില ചടങ്ങുകളിൽ ധരിക്കുന്ന ഈ വസ്ത്രം 'ബിഷ്ത്' എന്നാണ് അറിയപ്പെടുന്നത്. അറേബ്യൻ ഗൾഫ് രാജ്യങ്ങളിലും ഇറാഖിലും സൗദി അറേബ്യയുടെ വ‌ടക്കൻ രാജ്യങ്ങളിലുമാണ് പ്രധാനമായും ഈ വസ്ത്രം ഉപയോഗിക്കുന്നത്.  വിവാഹം പോലുള്ള വിശേഷ അവസരങ്ങളിലാണ്  പ്രധാനമായും ഈ വസ്ത്രം ധരിക്കാറുള്ളത്.

മെസിയോടുള്ള ആദരവായാണ് ഖത്തർ അമീർ മെസിയെ ആ മേൽ വസ്ത്രമണിയിച്ചത്. അല്‍പ സമയം ഈ വസ്ത്രം ധരിച്ചതിനു ശേഷം മെസി മൂന്ന് നക്ഷത്രങ്ങളുള്ള മറ്റൊരു അർജന്റീനൻ ജഴ്സി ധരിക്കുകയായിരന്നു. അർജന്റീനയുടെ മൂന്നാമത്തെ ലോകകിരീടമാണിത് എന്നു സൂചിപ്പിക്കാനായിരുന്നു മൂന്നു നക്ഷത്രങ്ങളുള്ള ജഴ്സി മെസി ധരിച്ചത്.

എന്നാൽ മെസിയുടെ പത്താം നമ്പർ ജഴ്സിക്കു മുകളിൽ കറുത്ത നിറമുള്ള ആ വസ്ത്രം ധരിപ്പിച്ചതിനെതിരെ ചിലർ വിമർശനമുമായി  രംഗത്തു വന്നിരുന്നു. 

Lionel Messi Wears Traditional Arab Robe During World Cup Trophy Presentation