rajanikanth12

TAGS

 

 

രജനിയുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചുകഴിഞ്ഞു. അതുകൊണ്ട് എല്ലാമായി എന്ന് കരുതാമോ..? ദ്രാവിഡ രാഷ്ട്രീയത്തില്‍ പുതിയൊരു താരോദയം എന്നതിനപ്പുറം എന്തുണ്ട് പുതിയ പ്രഖ്യാപനത്തില്‍..? പാര്‍ട്ടിയുടെ നയനിലപാടുകള്‍, തമിഴ് ജനതയ്ക്കായി എന്തുമട്ടിലുള്ള രാഷട്രീയം ആണ് പയറ്റാമോരുങ്ങുന്നത് തുടങ്ങി അവ്യക്തതകള്‍ ഏറെയാണ്. കാടുകുലുക്കി രജനീകാന്ത് എത്തുമ്പോള്‍ പഴയ എംജിആര്‍ മാജിക്ക് ആവര്‍ത്തിക്കുമോ എന്നാണ് രാജ്യമാകെ ഉറ്റുനോക്കുന്നത്. തൊണ്ണൂറുകളുടെ മധ്യത്തിലും അതുകഴിഞ്ഞ് 2004ലും ചെറുതായി രജനി രാഷ്ട്രീയം പറഞ്ഞപ്പോഴത്തെ ദുരനുഭവം മുന്‍പിലുണ്ട്. അതുകൊണ്ട് തന്നെ രാഷട്രീയത്തിലെ രജനി ബ്രാന്‍ഡ് എന്ത് എന്നറിഞ്ഞശേഷ·മേ കുടുതലെന്തെങ്കിലും പറയാനാകൂവെന്ന് തമിഴ്നാട്ടിലെ പൊതുസമൂഹവും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ പറയുന്നു.

rajinikanth-new

 

ഫാന്‍സ് എന്ന ആള്‍ക്കൂട്ടം വോട്ടായി മാറുമോ എന്നതുതന്നെ വലിയ ചോദ്യം. രജനിയുടെ വരവ് വല്ലാതെ വൈകി എന്നാണ് ഒരുപക്ഷത്തിന്‍റെ അഭിപ്രായം. ഏറെ മാനുഷിക മൂല്യങ്ങള്‍ കൈമുതലായുള്ള വ്യക്ത്വമാണ് രജനിയുടേത്. പക്ഷേ രാഷ്ട്രീയത്തില്‍ അത് മാത്രം പോര എന്ന് രജനിക്ക് നന്നായറിയാം. അതുകൊണ്ട് തന്നെ കരുതലോടെയാകും സ്റ്റൈല്‍മന്നന്‍റെ ഇനിയുള്ള നീക്കം.  രാഷ്ട്രീയ പരിചയം ഉള്ളവരെ ഒപ്പം കൂട്ടുക എന്നതുതന്നെ താരത്തിന് മുന്നിലുള്ള വെല്ലുവിളി. അതിനായാകും ആദ്യശ്രമം. ഇപ്പോള്‍ ഒപ്പമുള്ളത് തലമുതിര്‍ന്ന ഒരുകൂട്ടം സഹപ്രവര്‍ത്തകരാണ്. പുതിയ കാലത്തിന്‍റെ രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുക എന്നതും രജനീക്യാംപിന് ബാലികേറാമലയാകും എന്നും വിലയിരുത്തുന്നു.  

പ്രതിസന്ധികളില്‍ ഉഴലുന്ന എഐഎഡിഎംകെയും ഡിഎംകെയും ഒപ്പം കമലഹാസന്‍ അടക്കമുള്ള രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കാനിരിക്കുന്നവരും എല്ലാം ആകാംക്ഷയോടെ തന്നെ കാത്തിരിക്കുകയാണ്. ഈ വരവ് ഏതുമട്ടില്‍ അവരുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കും എന്നതില്‍ ആകാംക്ഷ മാത്രമല്ല ആശങ്കയും ഉണ്ട്. 

 

കടപ്പാട് ജനങ്ങളോട്, കയ്യടിച്ച് ജനം

കാത്തിരിപ്പിനും ആകാംക്ഷകള്‍ക്കുമൊടുവില്‍ തമിഴകവും ഒപ്പം ഇന്ത്യയും കാതോര്‍ത്ത പ്രഖ്യാപനം. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ താരം രജനീകാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചു. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം പാര്‍ട്ടിയുടെ പ്രഖ്യാപനം സസ്പെന്‍സാക്കിവെച്ചു. 

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലേക്കും  മല്‍സരിക്കും. തീരുമാനം ജനങ്ങളോടുള്ള കടപ്പാടുമൂലമാണെന്നും നിറഞ്ഞ കയ്യടികള്‍ക്കിടെ രജനി പറഞ്ഞു. 

തമിഴ് രാഷ്ട്രീയം ഇപ്പോള്‍ മോശം അവസ്ഥയിലെന്ന് തുറന്നടിച്ച് അദ്ദേഹം രാഷട്രീയക്കാര്‍ക്കെതിരെ കൂടുതല്‍ വിമര്‍ശനത്തിന് മുതിര്‍ന്നില്ല. രാഷട്രീയത്തിന്‍റെ മോശാവസ്ഥ മാറ്റാന്‍ ശ്രമിക്കും. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല രാഷ്ട്രീയ പ്രവേശനം. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കിയുള്ള രാഷട്രീയ പ്രവര്‍ത്തനമാകും നടത്തുക. മൂന്നുവര്‍ഷത്തിനുള്ളില്‍ വാഗ്ദാനം നടപ്പിലായില്ലെങ്കില്‍ രാഷ്ട്രീയത്തില്‍നിന്ന് പിന്‍മാറുമെന്നും സ്റ്റൈല്‍മന്നന്‍ പ്രഖ്യാപിച്ചു. 

ചെന്നൈയിലെ ആരാധകസംഗമം രജനിയുടെ പ്രഖ്യാപനം ഹര്‍ഷാരവങ്ങളോടെയാണ് ഏറ്റുവാങ്ങിയത്. യുദ്ധത്തിനിറങ്ങാതിരിക്കുന്നത് ഭീരുത്വമാണ്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന സൂചനയും 15 മിനിറ്റ് നീണ്ട  പ്രസംഗത്തില്‍ അദ്ദേഹം നല്‍കി. 

ചോ രാമസ്വാമിയെ അനുസ്മരിച്ചായിരുന്നു തുടക്കം. സിനിമയിലെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കി. അധികാരക്കൊതി അല്ല ഈ തീരുമാനത്തിന് കാരണം. പല ക്ഷണം തൊണ്ണൂറുകള്‍ മുതല്‍ ഉണ്ട്. അറുപത്തിയെട്ടാം വയസ്സില്‍ വരുന്നത് മാറ്റത്തിനായാണ്. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ വരവ്. ജനങ്ങളുടെ പിന്തുണ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു- അദ്ദേഹം പറഞ്ഞു.